22 December Sunday

കരൾവീക്കത്തിന് കടൽപ്പായൽ മരുന്ന്‌ 
നാലുമാസത്തിനകം വിപണിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 21, 2022


കൊച്ചി
മദ്യപാനത്തിലൂടെ അല്ലാതെ ഉണ്ടാകുന്ന കരൾവീക്കം ചെറുക്കാൻ, കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം (സിഎംഎഫ്ആർഐ) കടൽപ്പായലിൽനിന്ന്‌ വികസിപ്പിച്ച ഉൽപ്പന്നം ഉടൻ വിപണിയിലെത്തും. കടൽമീൻ ലിവ്ക്യൂവർ എക്‌സ്ട്രാക്റ്റ് എന്ന ഉൽപ്പന്നം നിർമിക്കുന്നതിനും വിപണിയിലെത്തിക്കാനും സ്വകാര്യ കമ്പനിയായ എമിനിയോടെക്കുമായി സിഎംഎഫ്ആർഐ ധാരണയായി.

കടൽപ്പായലിൽ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോആക്ടീവ് സംയുക്തങ്ങൾ വേർതിരിച്ച് വികസിപ്പിച്ച ഉൽപ്പന്നത്തിന്റെ സാങ്കേതികവിദ്യ കൈമാറുന്നതിനുള്ള അനുമതിപത്രം സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണനും എമിനിയോടെക് മാനേജിങ്‌ ഡയറക്ടർ ഇവാൻജലിസ്റ്റ് പത്രോസും ഒപ്പുവച്ചു.

നേരത്തേ പ്രമേഹം, സന്ധിവേദന, അമിതവണ്ണം, രക്തസമ്മർദം, തൈറോയിഡ് എന്നീ രോഗങ്ങൾക്കെതിരെയും സിഎംഎഫ്ആർഐ  ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പുകൾ നിയന്ത്രണവിധേയമാക്കാനും ഈ ഉൽപ്പന്നം സഹായമാണെന്ന് ഡോ. ഗോപാലകൃഷ്ണൻ പറഞ്ഞു. ഉൽപ്പന്നത്തിന് ഒരുവിധ പാർശ്വഫലങ്ങളും ഇല്ലെന്നത് ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കാജൽ ചക്രബർത്തിയാണ് ഉൽപ്പന്നം വികസിപ്പിച്ചത്. നാലുമാസത്തിനുള്ളിൽ ഉൽപ്പന്നം വിപണിയിലെത്തിക്കുമെന്ന് ഇവാൻജലിസ്റ്റ് പത്രോസ് പറഞ്ഞു. ആമസോൺ, ഫ്ലിപ്‌കാർട്ട് തുടങ്ങിയ പ്രധാന ഓൺലൈൻ പോർട്ടലുകൾ വഴി എല്ലാ ജില്ലകളിലും നേരിട്ടും വിപണനം നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top