ആലങ്ങാട്
നാലുപതിറ്റാണ്ടിനുശേഷം തിരിച്ചെത്തിയ ആലങ്ങാടൻ ശർക്കരയുടെ നിർമാണ, വിതരണ കേന്ദ്രം ഞായറാഴ്‌ച മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും. പകൽ 11ന് ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിലാണ് പരിപാടി. യോഗത്തിൽ ആലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് സി എസ് ദിലീപ്കുമാർ അധ്യക്ഷനാകും.
ബാങ്കിന്റെ 42 സെന്റ് സ്ഥലത്ത് 50 ലക്ഷം രൂപ മുതൽമുടക്കിലാണ് കേന്ദ്രം നിർമിച്ചത്. പ്രതിദിനം 1000 കിലോ ശർക്കര ഉൽപ്പാദിപ്പിക്കാം. കൃഷിവിജ്ഞാൻകേന്ദ്ര (കെവികെ)യുടെ സഹായത്തോടെയാണ് യന്ത്രസാമഗ്രികൾ സ്ഥാപിച്ചത്. കരിമ്പുകൃഷി, ശർക്കര ഉൽപ്പാദനം എന്നിവയുമായി ബന്ധപ്പെട്ട് കുറഞ്ഞത് 50 പേർക്ക് തൊഴിൽ ലഭിക്കും.
ആലങ്ങാടിന്റെ തനത് കാർഷികോൽപ്പന്നമായിരുന്നു ആലങ്ങാടൻ ശർക്കര. വിവിധ പ്രതിസന്ധികളിൽ കരിമ്പുകൃഷിയും ശർക്കര ഉൽപ്പാദനവും നിലച്ചു. ഇതോടെ ആലങ്ങാട് സഹകരണ ബാങ്കും കൃഷിവിജ്ഞാൻകേന്ദ്രയും മുന്നിട്ടിറങ്ങിയാണ് കൃഷി തുടങ്ങിയത്. നാലുപതിറ്റാണ്ടോളം നിലച്ച കരിമ്പുകൃഷി കഴിഞ്ഞവർഷം വീണ്ടുമിറക്കി വിജയം കൈവരിച്ചു. കളമശേരി മണ്ഡലത്തിൽ മന്ത്രി പി രാജീവ് നടപ്പാക്കുന്ന ‘കൃഷിക്കൊപ്പം കളമശേരി’ പദ്ധതി കരുത്തായി. നിലവിൽ ആലങ്ങാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 20 ഏക്കറിൽ കരിമ്പുകൃഷിയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..