22 December Sunday

ദേശാഭിമാനിയെ ഹൃദയത്തോട്‌ ചേർത്ത്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

ദേശാഭിമാനി കൊച്ചി യൂണിറ്റിൽ ഓഫ് സെറ്റ് പ്രിന്റിങ് പ്രസ് ഉദ്‌ഘാടനവേളയിൽ ഇ എം എസ് നമ്പൂതിരിപ്പാട്, ഇ കെ നായനാർ എന്നിവർക്കൊപ്പം എം എം ലോറൻസ് (ഫയൽ ചിത്രം)

കൊച്ചി
എം എം ലോറൻസ്‌ വക്കീലോ പത്രപ്രവർത്തകനോ ആകണമെന്നായിരുന്നു അദ്ദേഹത്തിന്റെ അപ്പൻ മാടമാക്കൽ അവരാ മാത്യുവിന്റെ ആഗ്രഹം. എന്നാൽ, മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായി മാറിയ ലോറൻസ്‌, അപ്പന്റെ ആഗ്രഹം  നിറവേറ്റിയിട്ടുണ്ട്‌. പാർടി പ്രവർത്തനത്തിന്റെ ഭാഗമായി ദേശാഭിമാനിയുടെ എറണാകുളം ലേഖകനായി ലോറൻസ്‌ പ്രവർത്തിച്ചിരുന്നു. ദേശാഭിമാനി നിരോധിച്ചപ്പോൾ പാർടി നവലോകം പത്രം തുടങ്ങി. അതിന്റെ നടത്തിപ്പുകാരിൽ ഒരാളായി.
കൊച്ചിയിൽ ദേശാഭിമാനി യൂണിറ്റ്‌ ആരംഭിച്ചപ്പോൾ ചുമതലക്കാരിൽ ഒരാളായി. പിന്നീട്‌ സംസ്ഥാനത്തെ ദേശാഭിമാനിയുടെ മുഴുവൻ പാർടി ചുമതലക്കാരനായും പ്രവർത്തിച്ചു. ദേശാഭിമാനിക്ക്‌ കലൂരിൽ സ്ഥലം വാങ്ങാനും കെട്ടിടം പണിയാനും പ്രസ്‌ വാങ്ങുന്നതിലും പ്രധാന പങ്കുവഹിച്ചു. ആധുനിക പ്രസ്സായ പ്ലമാഗ്‌ റോട്ടറി പ്രിന്റിങ്‌ പ്രസ്‌ വാങ്ങി. അതിന്‌ ലോറൻസിനെ സഹായിച്ചത്‌ ഹിന്ദുവിന്റെ പ്രധാന നടത്തിപ്പുകാരനായ എൻ റാം. ഹിന്ദു പത്രത്തിന്റെ പ്രസ്‌ കാണിച്ചുകൊടുത്തതും പ്രവർത്തനം വിശദീകരിച്ചുനൽകിയതും റാമായിരുന്നു. പത്രപ്രവർത്തകനാകണമെന്ന അപ്പന്റെ ആഗ്രഹം റിപ്പോർട്ടർമുതൽ പലവിധ ചുമതലകൾ നിർവഹിച്ച്‌ താൻ നിറവേറ്റിയെന്ന്‌ ലോറൻസ്‌ പറയുമായിരുന്നു.
ദേശാഭിമാനിയിലെ എല്ലാവരുമായും അടുത്തബന്ധം പുലർത്തി ലോറൻസ്‌. പേരും കുടുംബബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും ഹൃദിസ്ഥമായിരുന്നു. മാനേജരായിരുന്ന പി കണ്ണൻനായരെക്കുറിച്ച്‌ മതിപ്പും ബഹുമാനവും ഏറെയായിരുന്നു. മികച്ച മാനേജ്‌മെന്റ്‌ വിദ്യാഭ്യാസം ലഭിച്ചവരെപ്പോലും അസൂയപ്പെടുത്തുംവിധം ദേശാഭിമാനി ജീവനക്കാരെ കണ്ണൻനായർ ഒരുമിപ്പിച്ച്‌ പത്രത്തെ വളർച്ചയിലേക്ക്‌ നയിച്ചതായി ലോറൻസ്‌ പറയുമായിരുന്നു. എന്ത്‌ ബുദ്ധിമുട്ട്‌ സഹിച്ചും ദേശാഭിമാനിയെ ജനങ്ങളിൽ എത്തിക്കുക, ദേശാഭിമാനിയെ വളർത്തി മലയാളിയുടെ രാഷ്ട്രീയജിഹ്വയാക്കുക എന്നീ ലക്ഷ്യത്തോടെയായിരുന്നു ലോറൻസിന്റെ പ്രവർത്തനം. അവസാനംവരെ അത്‌ തുടർന്നു.
ഇന്ത്യയിലെ ആദ്യ പ്രസ്‌ ക്ലബ്ബായ എറണാകുളം പ്രസ്‌ ക്ലബ്ബിന്റെ നിർമാണത്തിലും ലോറൻസ്‌ മുഖ്യപങ്ക്‌ വഹിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top