എം എം ലോറൻസിനെ ആദ്യമായി കണ്ടപ്പോൾ ‘ആലുവാപ്പുഴ പിന്നെയുമൊഴുകി’ എന്ന പ്രശസ്ത നോവൽ അനശ്വരമാക്കിയ മുഹൂർത്തങ്ങളാണ് മനസ്സിലേക്ക് വന്നത്. എറണാകുളം കാനൻഷെഡ് റോഡിലൂടെ ക്രൂര പൊലീസ് മർദനത്തിന് വിധേയനാക്കി ഒരു തൊഴിലാളിനേതാവിനെ കൊണ്ടുപോകുന്ന ചിത്രം. അത്രയും ആവേശം ജനിപ്പിച്ച പേരുകളിലൊന്നായിരുന്നു എം എം ലോറൻസ്---– മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തെ ചുവപ്പണിയിച്ച സമരോജ്വല ഭൂതകാലത്തിന്റെ കരുത്തുറ്റ പ്രതീകങ്ങളിലൊന്ന്. തിരുവിതാംകൂറിലെയും മലബാറിലെയും തൊഴിലാളിവർഗമുന്നേറ്റങ്ങളോട് മധ്യകേരളത്തെ കണ്ണിചേർത്ത ഉശിരൻ വിപ്ലവകാരികളിൽ പ്രധാനി. യാഥാസ്ഥിതിക -വലത് രാഷ്ട്രീയത്തിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്ന എറണാകുളത്ത് അത്തരമൊരു പശ്ചാത്തലത്തിൽനിന്ന് വന്ന് തൊഴിലാളിപ്രസ്ഥാനവും കമ്യൂണിസ്റ്റ് പാർടിയും കെട്ടിപ്പടുത്ത ആദ്യപഥികരിൽ പ്രധാനി. തൊഴിലാളിപ്രസ്ഥാനത്തിന് ഒരിക്കലും മറക്കാനാകാത്ത ഏടുകളിലൊന്നായ ഇടപ്പള്ളി സ്റ്റേഷൻ ആക്രമണത്തിലും തുടർന്നുള്ള ചെറുത്തുനിൽപ്പിലും ലോറൻസിന്റെ പങ്ക് ഇപ്പോഴത്തെ തലമുറയ്‌ക്ക് അവിശ്വസനീയതയോടെമാത്രമേ കേട്ടിരിക്കാനാകൂ.
കൊച്ചി തുറമുഖത്ത് അടിമതുല്യ ജീവിതാവസ്ഥയിൽ കഴിഞ്ഞ തൊഴിലാളികൾക്ക് വർഗബോധം പകർന്നുനൽകിയതിലും സുസംഘടിത ശക്തിയായി വളർത്തിയതിലും അദ്ദേഹത്തിന്റെ പങ്ക് സുപ്രധാനമാണ്. തോട്ടിപ്പണിക്കാരെ സംഘടിപ്പിച്ച് കൂലിവർധനയ്‌ക്കും ആത്മാഭിമാന സംരക്ഷണത്തിനും പോരാട്ടങ്ങൾ നടത്തി. ഓരോ വിഷയത്തിലും അദ്ദേഹം ഏറ്റവും ആദ്യം കാണുന്നത് ഇതിലൂടെ തൊഴിലാളിക്ക് എന്ത് നേട്ടം ഉണ്ടാകുമെന്നായിരുന്നു.
ഞാൻ എസ്എഫ്ഐ നേതൃചുമതലകളിലേക്ക് വരുന്ന ഘട്ടത്തിൽ ലോറൻസ് പാർടി കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായിരുന്നു. കൂത്തുപറമ്പ് സംഭവത്തെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ കരിങ്കൊടി കാണിച്ചപ്പോൾ ഭീകരമായ പൊലീസ് മർദനത്തിന് ഞാനും സഖാക്കളും വിധേയരായി. ചികിത്സയിൽ കഴിയുമ്പോൾ എം എം ലോറൻസ് കാണാൻ വന്നു. മർദനം ശരീരത്തിലേൽപ്പിച്ച ആഘാതം മറികടക്കാനാകുമെന്ന് സ്വന്തം അനുഭവം ഓർമിപ്പിച്ച് അദ്ദേഹം പറഞ്ഞത് വലിയ പ്രചോദനമായി. ഞാൻ രാജ്യസഭാംഗമായിരുന്ന ഘട്ടത്തിൽ ഒരു പാർലമെന്റ് അംഗം ഏതൊക്കെ നിലയിൽ സഭയിൽ ഇടപെടണമെന്നതിനുള്ള മാർഗരേഖയായി അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പഠിക്കാൻ ശ്രമിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..