കോതമംഗലം
ജില്ലാ സ്‌കൂൾ കായികമേളയുടെ കിരീടം സ്വന്തമാക്കാൻ കോതമംഗലവും മാർ ബേസിലും കുതിപ്പാരംഭിച്ചു. ആദ്യദിനം ഫീൽഡിൽ ഒരു റെക്കോഡ് പിറന്നു. മൂക്കന്നൂർ എസ്‌എച്ച് ഓർഫനേജ് എച്ച്‌എസ്‌എസിലെ ജീവൻ ഷാജുവാണ് ഷോട്ട്‌പുട്ടിൽ റെക്കോഡിട്ടത്.
മേളയുടെ ആദ്യദിനം 31 ഫൈനലുകൾ പൂർത്തിയായപ്പോൾ ആതിഥേയരായ കോതമംഗലം ഉപജില്ല 14 സ്വർണവും 15 വെള്ളിയും എട്ട് വെങ്കലവുമടക്കം 122 പോയിന്റ് നേടി. ആറ് സ്വർണവും രണ്ട് വെള്ളിയും അഞ്ച് വെങ്കലവുമായി 41 പോയിന്റോടെ അങ്കമാലി ഉപജില്ല രണ്ടാംസ്ഥാനത്താണ്. മൂന്നുവീതം സ്വർണവും വെള്ളിയും ഒരു വെങ്കലവുമായി പെരുമ്പാവൂർ മൂന്നാംസ്ഥാനത്തുണ്ട്. പോയിന്റ് 25.
സ്‌കൂളുകൾ തമ്മിലുള്ള ചാമ്പ്യൻ പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ കോതമംഗലം മാർ ബേസിൽ എച്ച്‌എസ്‌എസ് 72 പോയിന്റുമായി ബഹുദൂരം മുന്നിലാണ്. എട്ട് സ്വർണം, ഒമ്പത് വെള്ളി, അഞ്ച് വെങ്കലവുമാണ് സമ്പാദ്യം. അങ്കമാലി മൂക്കന്നൂർ എസ്‌എച്ച് ഓർഫനേജ് എച്ച്‌എസ്‌എസ് 30 പോയിന്റുമായി രണ്ടാമതുണ്ട്. അഞ്ച് സ്വർണം, ഒരു വെള്ളി, രണ്ട് വെങ്കലവുമാണ് അക്കൗണ്ടിൽ. കീരമ്പാറ സെന്റ് സ്‌റ്റീഫൻസ് ഗേൾസ് എച്ച്‌എസ്‌എസ് 17 പോയിന്റുമായി മൂന്നാംസ്ഥാനത്താണ്. ജൂനിയർ ബോയ്‌സിൽ മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഓർഫനേജ് എച്ച്‌എസ്‌എസിലെ ജെസ്വിൻ ജോയ് (3000, 800), കീരമ്പാറ സെന്റ് സ്‌റ്റീഫൻസിലെ അദബിയ ഫർഹാൻ (100, ലോങ്‌ജമ്പ്), സീനിയർ ഗേൾസിൽ മാർ ബേസിലിന്റെ സി ആർ നിത്യ (3000, 800) എന്നിവർ ഇരട്ടസ്വർണം നേടി.
കോതമംഗലം എംഎ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന മേള ആന്റണി ജോൺ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാ ചെയർമാൻ കെ കെ ടോമി അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ മുഖ്യപ്രഭാഷണം നടത്തി. എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്‌സാണ്ടർ പതാക ഉയർത്തി. ചൊവ്വാഴ്‌ച 26 ഇനങ്ങളിൽ ഫൈനൽ നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..