കളമശേരി
നിരവധി സ്ഥാപനങ്ങളും വലിയ വാഹനത്തിരക്കുമുള്ള കളമശേരി ടിവിഎസ് കവലയ്ക്കുസമീപം ബുള്ളറ്റ് ടാങ്കര്‍ മറിഞ്ഞുണ്ടായ അപകടത്തിൽ ഒഴിവായത് വൻദുരന്തം. പെട്ടെന്ന് തീപടരുന്ന പ്രൊപ്പലീൻ ഗ്യാസുമായാണ് രാത്രി 11.15ന് ലോറി അപകടത്തിൽപ്പെട്ടത്. 18 ടൺ വാതകം ടാങ്കറിലുണ്ടായിരുന്നു. കാര്യമായ ചോർച്ച ഉണ്ടാകാതിരുന്നത് രക്ഷയായി. 20 ടൺ ശേഷിയുള്ള ടാങ്കർ ഇരുമ്പനത്തെ ബിപിസിഎൽ കമ്പനിയിൽനിന്ന് ലോഡുമായി ഗുജറാത്തിലേക്ക് പോകുകയായിരുന്നു. എച്ച്എംടി ജങ്ഷനിൽനിന്ന് തിരിഞ്ഞുവന്ന് ടിവിഎസ് കവലയ്ക്കുസമീപം ദേശീയപാതയിലെ വൺവേ റോഡിലേക്ക് തിരിയുന്നതിനിടെ ഇടതുഭാഗത്തേക്ക് ലോറി മറിയുകയായിരുന്നു. അപകടത്തിനുപിന്നാലെ കളമശേരി പൊലീസും ഏലൂരിൽനിന്നും ബിപിസിഎല്ലിൽനിന്നും അഗ്നി രക്ഷാസേനാ യൂണിറ്റുകളും എത്തി സുരക്ഷാനടപടികൾ സ്വീകരിച്ചു.
20 ടയറുകളുള്ള ലോറിയുടെ അമിതവേഗമാകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. അപകടസമയം റോഡിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നത് അപായസാധ്യത കുറച്ചു. ഡ്രൈവർ തെങ്കാശി സ്വദേശി മുത്തു പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പുലർച്ചെ ഒന്നരയോടെ ബിപിസിഎൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രണ്ട് വലിയ ക്രെയിനുകൾ ഉപയോഗിച്ച് ടാങ്കർ ഉയർത്തിയപ്പോൾ ചെറിയതോതിൽ ചോർച്ച കണ്ടെത്തി. ടാങ്കർ റോഡിൽ അമർന്നുകിടന്നതിനാൽ വാതകം ചോർന്നില്ല. തുടർന്ന് പ്രത്യേകമിശ്രിതം ഉപയോഗിച്ച് ചോർച്ച അടച്ചു.ഇതുവഴിയുള്ള ഗതാഗതം പൊലീസ് വഴിതിരിച്ചുവിട്ടു. വ്യാഴം രാവിലെ തൃശൂരിൽനിന്ന് ടാങ്കർ ലോറിയുടെ മറ്റൊരു എൻജിൻ ക്യാബിൻ കൊണ്ടുവന്ന് ഘടിപ്പിച്ച് മുന്നിലും പിന്നിലും ഓരോ അഗ്നി രക്ഷാവാഹനങ്ങളുടെ അകമ്പടിയോടെ ബുള്ളറ്റ് ടാങ്കർ ബിപിസിഎല്ലിലേക്ക് മാറ്റി.
6 മണിക്കൂർ രക്ഷാദൗത്യം;
ആളാതെ ആശങ്കയുടെ ‘തീ’
ഓരോ നീക്കവും സൂക്ഷ്‌മതയോടെയായിരുന്നു. ചെറുതായൊന്ന് പാളിയാൽ ഒരുപ്രദേശമാകെ ചാമ്പലാകുമായിരുന്നു. അപകടസ്ഥലത്തുനിന്ന് ബുള്ളറ്റ് ടാങ്കർ സുരക്ഷിതമായി ബിപിസിഎല്ലിൽ തിരിച്ചെത്തിച്ചതോടെയാണ് രക്ഷാദൗത്യത്തിൽ ഏർപ്പെട്ടവർക്ക് ആശ്വാസമായത്. സംഭവത്തിൽ ബിപിസിഎൽ ആഭ്യന്തര അന്വേഷണം തുടങ്ങി.
ദുരന്തനിവാരണ അതോറിറ്റിയാണ് അപകടസ്ഥലത്തെ രക്ഷാദൗത്യം ഏകോപിപ്പിച്ചത്. ബിപിസിഎൽ, അഗ്നി രക്ഷാസേന, പൊലീസ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് കർമനിരതരായി. ബുധൻ രാത്രി 11.45ന് ആരംഭിച്ച ദൗത്യം അവസാനിച്ചത് വ്യാഴം പുലർച്ചെ 5.45 ഓടെയാണ്. അപകടത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റി കലക്ടർ എൻ എസ് കെ ഉമേഷിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ബിപിസിഎൽ ഉൾപ്പെടെ കമ്പനികൾ, പൊലീസ്, അഗ്നി രക്ഷാസേന, ഈ മേഖലയിലെ തൊഴിലാളി സംഘടനകൾ എന്നിവരുടെ യോഗം വിളിക്കും.
സംഭവത്തിൽ കെമിക്കൽ ഇൻസ്‌പെക്ടറോട് റിപ്പോർട്ട് നൽകാൻ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടതായി ഡെപ്യൂട്ടി കലക്ടർ കെ മനോജ് പറഞ്ഞു. ഏലൂർ അഗ്നി രക്ഷാസേന എസ്‌ടിഒ വി എസ് രഞ്‌ജിത് കുമാർ, ഗ്രേഡ് എസ്‌ടിഒ പി കെ സജീവൻ, എസ്‌എഫ്‌ആർഒ റഷീദ്, എഫ്‌ആർഒ ഷാനവാസ്, ശ്യാംകുമാർ, ലെനിൽ അലക്‌സ്, ഷജിൽ, സജിത്, ഹോം ഗാർഡുമാരായ സുനിൽകുമാർ, ശ്രീകുമാർ ജയപ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..