19 December Thursday

അങ്ങാടിക്കടവ് റെയിൽവേ 
അടിപ്പാത തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024


അങ്കമാലി
അങ്ങാടിക്കടവ് റെയിൽവേ അടിപ്പാത ഗതാഗതത്തിനായി തുറന്നു. പത്തുമാസമായുള്ള ജനങ്ങളുടെ ദുരിതത്തിന് അറുതി. അങ്കമാലിയിൽനിന്ന്‌ അങ്ങാടിക്കടവുവഴി വട്ടപ്പറമ്പിലേക്കുള്ള പൊതുമരാമത്ത് റോഡിലെ റെയിൽവേ അടിപ്പാത എല്ലാ വാഹനങ്ങൾക്കുമായി വ്യാഴാഴ്ചയാണ് തുറന്നത്. കുറച്ചുദിവസംമുമ്പ്‌ ഇരുചക്രവാഹനങ്ങൾക്ക്‌ അനുമതി നൽകിയിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച നിർമാണം ആറുമാസംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടത്‌. പലകാരണങ്ങളാൽ നിർമാണം നീണ്ടു. ഇതിനിടയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഫെബ്രുവരി 26ന് പ്രധാനമന്ത്രി ഓൺലൈനായി അടിപ്പാത ഉദ്ഘാടനം ചെയ്തെങ്കിലും കാൽനടക്കാർക്കുപോലും സഞ്ചരിക്കാൻപറ്റാത്ത അവസ്ഥയിലായിരുന്നു റോഡ്.

ഇതുവഴി സർവീസ് നടത്തിയിരുന്ന ഏഴു ബസുകൾ കരയാംപറമ്പുവഴി കറങ്ങിയും ട്രിപ്പുകൾ കട്ട് ചെയ്തുമാണ് പത്തുമാസമായി ഓടിയത്. സ്കൂൾബസുകൾക്കുപോലും സഞ്ചരിക്കാൻ കഴിഞ്ഞിരുന്നില്ല. അടിപ്പാതനിർമാണം നീളുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. എൽഡിഎഫ് പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
ഇന്നസെന്റ് എംപിയായിരുന്ന കാലയളവിന്റെ അവസാനസമയത്ത് അനുവദിച്ചതാണ് അടിപ്പാത. എന്നാൽ, തുടർന്ന് ജാഗ്രത ഉണ്ടാകാത്തതുകൊണ്ട് നിർമാണം നീണ്ടു. ചാക്കരപ്പറമ്പ്, പീച്ചാനിക്കാട്, കോടുശേരി, വട്ടപ്പറമ്പ്, മൂഴിക്കുളം തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള നൂറുകണക്കിന് യാത്രക്കാർക്ക് അടിപ്പാത തുറന്നുകൊടുത്തത് വലിയ ആശ്വാസമായി. നിർത്തിവച്ച ബസ് സർവീസ് പൂർണമായും പുനരാരംഭിച്ചതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി മേഖലാ സെക്രട്ടറി ബി ഒ ഡേവിസ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top