നെടുമ്പാശേരി
നെടുമ്പാശേരി പഞ്ചായത്തിൽ ജല ജീവൻ കുടിവെള്ളക്കുഴലുകൾ സ്ഥാപിക്കാൻ കുഴിച്ച റോഡുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചു. പഞ്ചായത്തിലെ അഞ്ചാംവാർഡിലാണ്
റോഡുപണിക്ക് തുടക്കമായത്. പഞ്ചായത്തിലാകെ 90 കിലോമീറ്ററിലാണ് റോഡ് കുഴിച്ച് കുഴലുകൾ സ്ഥാപിച്ചത്. റോഡ് പൂർവസ്ഥിതിയാക്കണമെന്ന കരാറില്‍ ജല അതോറിറ്റി വീഴ്ചവരുത്തിയതോടെ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ്, നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് എ വി സുനിൽ, വൈസ് പ്രസിഡന്റ് ശോഭ ഭരതൻ എന്നിവരുടെ നേതൃത്വത്തിൽ ജല അതോറിറ്റി ഡിവിഷൻ ഓഫീസിൽ സമരം നടത്തി. തുടർന്നാണ് അധികൃതർ അഞ്ച് ടെൻഡറുകൾ ക്ഷണിച്ച് കരാർ ഉറപ്പിച്ച് അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ നടപടിയെടുത്തത്. കുഴിയെടുത്ത ഭാഗം മെറ്റൽ ഇട്ട് ഉറപ്പിച്ച് ടാറിങ് നടത്തുന്ന പ്രവൃത്തികളാണ് കരാർപ്രകാരം നടപ്പാക്കുന്നത്. ആദ്യഘട്ടമായി മെറ്റൽ ഇട്ട് ഉറപ്പിച്ചശേഷം മഴ മാറിയശേഷം ടാറിങ് നടത്തുന്നതിനാണ് നിർദേശം നൽകിയിട്ടുള്ളത്. തുടർന്ന് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് റീടാറിങ് നടത്തും. പഞ്ചായത്തിന്റെ സമ്മർദവും മന്ത്രി പി രാജീവിന്റെ ഇടപെടലുമാണ് റോഡുപണി വേഗം തുടങ്ങാന്‍ സഹായകമായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..