19 September Thursday

യുഡിഎഫിൽ തർക്കം രൂക്ഷം ; പാമ്പാക്കുടയിൽ പഞ്ചായത്ത്‌ 
കമ്മിറ്റിയും കൂടാനാകുന്നില്ല

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024


പിറവം
പാമ്പാക്കുട പഞ്ചായത്ത് കമ്മിറ്റിപോലും വിളിച്ചുചേർക്കാനാകാത്തവിധത്തിൽ യുഡിഎഫിൽ തർക്കം രൂക്ഷമാകുന്നു. കഴിഞ്ഞമാസം 23നാണ് അവസാനം പഞ്ചായത്ത് കമ്മിറ്റി ചേർന്നത്. ഈ മാസം രണ്ടുതവണ കമ്മിറ്റി നിശ്ചയിച്ചെങ്കിലും തർക്കം രൂക്ഷമായതിനാൽ മാറ്റി. പദ്ധതിനിർവഹണവും നിരവധി അത്യാവശ്യ അജൻഡകളും പാസാക്കാനുണ്ടെങ്കിലും കമ്മിറ്റി നടത്താനാകാതെ ഇരുപക്ഷവും കടുത്ത പോര് തുടരുകയാണ്. യുഡിഎഫ് സ്റ്റിയറിങ് കമ്മിറ്റി വിളിച്ചെങ്കിലും അംഗങ്ങൾ പങ്കെടുത്തില്ല. പഞ്ചായത്ത് പ്രസിഡന്റും ഭരണപക്ഷ അംഗങ്ങളും തമ്മിൽ തർക്കം രൂക്ഷമായി തുടരുന്നതിനിടെ നടന്ന പാമ്പാക്കുട സഹകരണബാങ്ക് തെരഞ്ഞെടുപ്പിൽ വിമതപക്ഷം വിജയിച്ചു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എ, ഐ വിഭാഗത്തിലെ ഔദ്യോഗികപക്ഷം നേതൃത്വം നൽകിയ പാനൽ ദയനീയ പരാജയം ഏറ്റുവാങ്ങി.

കോൺഗ്രസിലെ ഒന്നാംവാർഡ് മെമ്പർ ജയന്തി മനോജും ജേക്കബ് ഗ്രൂപ്പ് നേതാവും രണ്ടാംവാർഡ് അംഗവുമായ ഫിലിപ്പ് ഇരട്ടയാനിക്കലും വിമതർക്കൊപ്പം വിജയിച്ചു. ഇവർ പഞ്ചായത്ത് കമ്മിറ്റിയിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന ആശങ്കയിലാണ് ഔദ്യോഗികപക്ഷം.വിമതനായി മത്സരിച്ച്‌ വിജയിച്ച കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എബി എൻ ഏലിയാസ്, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം ടി യു രാജു കോൽപ്പാറ, പാമ്പാക്കുട മണ്ഡലം സെക്രട്ടറി ജിജി പോൾ, പാർടി അംഗം സി എസ് സാജു എന്നിവർക്കെതിരെ കോൺഗ്രസ് നടപടി എടുത്തു. ജേക്കബ് വിഭാഗത്തിലെ ബ്ലോക്ക് പഞ്ചായത്ത്‌ അംഗവും കോൺഗ്രസിലെ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളുമാണ് യുഡിഎഫ് ഔദ്യോഗികപാനലിൽ തോറ്റത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top