23 December Monday

ഡിപ്പോ മാനേജരുടെ അലംഭാവം റേഷനരി കടകളിൽ എത്തിയില്ല

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024


വൈപ്പിൻ
താലൂക്ക് സപ്ലൈ ഓഫീസർ ഓർഡർ കൊടുത്തിട്ടും ഡിപ്പോ മാനേജരുടെ അലംഭാവംമൂലം ഈമാസം പുഴുക്കലരി റേഷൻ കടകളിൽ എത്തിയില്ല. വാതിൽപ്പടിസേവനമായതുകൊണ്ട് അരി അതത് റേഷൻകടയിൽ എത്തിക്കേണ്ട ചുമതലയുള്ളവർ അലംഭാവത്തിലാണ്. വൈപ്പിൻകരയിലെ എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകളിലെ അരിവിതരണമാണ് വൈകിയത്. പറയുന്നത് അരി കൊണ്ടുപോകുന്ന കരാറുകാർ സമരത്തിലാണെന്നാണ്. സമരം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും അരി റേഷൻകടകളിൽ എത്തിച്ചിട്ടില്ല. കരാറുകാരുടെ സമരം കാരണം മാസം ആദ്യം വൈകിയാണ് വിതരണം തുടങ്ങിയത് എന്നത് ശരിയാണ്.

റേഷൻ വിതരണം മുടങ്ങിയതുസംബന്ധിച്ച് താലൂക്ക് സപ്ലൈ ഓഫീസർ പറയുന്നത് തങ്ങൾ ഓർഡർ കൊടുത്തുകഴിഞ്ഞെന്നാണ്. എന്നാൽ, ഡിപ്പോകളിൽനിന്ന് അരി കടകളിൽ എത്തിയിട്ടുമില്ല. ഇക്കാര്യം സപ്ലൈ ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അരിവിതരണം വൈകിയതുസംബന്ധിച്ച് ഡിപ്പോ മാനേജരോട് റിപ്പോർട്ട് ആവശ്യപ്പെട്ടെന്നാണ് പറഞ്ഞത്.

ഉദ്യോഗസ്ഥതല അലംഭാവംമൂലം റേഷൻ ഉപഭോക്താക്കൾ കടകളിൽ ചെന്ന് വെറുംകൈയോടെ മടങ്ങുകയാണ്‌. എല്ലാ കടകളിലും പച്ചരി സ്റ്റോക്കുണ്ട്. പുഴുക്കലരി കിട്ടാനുമില്ല. പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ പഞ്ചായത്തിലെ റേഷൻ കടകളിലേക്ക് പറവൂർ മാട്ടുപുറം ഡിപ്പോയിൽനിന്നാണ് അരി എത്തുന്നത്. എളങ്കുന്നപ്പുഴയിലേക്ക് വാണിയക്കാട്ടുനിന്നും. ഇവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ അലംഭാവം അവസാനിപ്പിച്ച് റേഷൻ വിതരണം കാര്യക്ഷമമാക്കണമെന്ന് സിപിഐ എം പള്ളിപ്പുറം ലോക്കൽ സെക്രട്ടറി പി ബി സജീവൻ സിവിൽ സപ്ലൈസ് അധികൃതരോട് ആവശ്യപ്പെട്ടു. മുടക്കമില്ലാതെ റേഷൻ വാതിൽപ്പടിവിതരണം നടത്തണമെന്ന് റേഷൻ ഡീലേഴ്സ് കോ–-ഓർഡിനേഷൻ കമ്മിറ്റിയും ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top