23 November Saturday

കുണ്ടന്നൂർ–-ചിലവന്നൂർ റോഡ് കൈയേറ്റം നടപടിയെടുക്കാത്തതിൽ പ്രതിഷേധം വ്യാപകം

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

മരട് നഗരസഭ



മരട്
കുണ്ടന്നൂർ–-ചിലവന്നൂർ റോഡ് കൈയേറി വ്യക്തി കാനയും സ്ലാബും റാമ്പും നിർമിച്ചതിന്‌ നടപടിയെടുക്കാത്തതിനെതിരെ നാട്ടുകാരിൽ പ്രതിഷേധം ശക്തമായി. അനധികൃത നിർമാണത്തിനെതിരെ മരട്‌ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി ഒരുമാസം പിന്നിട്ടിട്ടും നടപടിയെടുത്തില്ലെന്ന്‌ നാട്ടുകാർ പറഞ്ഞു.

അനധികൃത നിർമാണത്തിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ ബുധനാഴ്ച മുനിസിപ്പൽ ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചിരിന്നു. നിർമാണം പൊളിച്ചുനീക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും മൂന്നു ദിവസത്തിനകം ഇത് പൊളിച്ചുനീക്കുമെന്നും ചർച്ചയിൽ സെക്രട്ടറി പറഞ്ഞു. നഗരസഭ നൽകിയ നോട്ടീസിന്റെ പകർപ്പ് കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അവധിയിലാണെന്ന് സെക്രട്ടറി പറഞ്ഞ് ഒഴിഞ്ഞു. എൽഡിഎഫ് കൗൺസിലർമാർ നോട്ടീസിന്റെ പകർപ്പ് കിട്ടിയേ തീരൂവെന്ന് നിർബന്ധിച്ചപ്പോൾ ഇതുവരെ നോട്ടീസ്  നൽകിയിട്ടില്ലെന്ന്‌. മരട്‌ നഗരസഭ യുഡിഎഫ്‌ ഭരണസമിതിയും ഉദ്യോഗസ്ഥരും കൈയേറ്റക്കാർക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണെന്ന്‌ എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് സി ആർ ഷാനവാസ് പറഞ്ഞു. ഭൂവുടമ ഡിവിഷൻ കൗൺസിലർക്കും നഗരസഭാ സെക്രട്ടറിക്കുമെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.

കൈയേറ്റം പൊളിക്കണമെങ്കിൽ ആദ്യം ചുമട്ടുതൊഴിലാളികളുടെ വിശ്രമകേന്ദ്രമാണ് പൊളിക്കേണ്ടതെന്നാണ്‌ നഗരസഭാ ചെയർമാന്റെ നിലപാട്‌. എന്നാൽ, വിശ്രമകേന്ദ്രം താൽക്കാലിക ഷെഡാണെന്നും വ്യക്തി നടത്തിയത്‌ കോൺക്രീറ്റ് ഉപയോഗിച്ചുള്ള നിർമാണമാണെന്നും എൽഡിഎഫ്‌ വ്യക്തമാക്കി. കുണ്ടന്നൂരിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്ന നെല്ലിക്കൽ തോട് കൈയേറി മഹിളാ കോൺഗ്രസ് പ്രവർത്തക വീട് പണിതതും നഗരസഭാ ഭരണത്തിന്റെ ഒത്താശയോടെയാണെന്നും സി ആർ ഷാനവാസ് ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top