14 November Thursday
ക്രമക്കേടുകള്‍ ഇന്ന് ചർച്ച ചെയ്യും

ഓഡിറ്റ് പരിശോധന ; അഴിമതിക്കയത്തില്‍ തൃക്കാക്കര ന​ഗരസഭ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024


തൃക്കാക്കര
ജില്ലാ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ തൃക്കാക്കര നഗരസഭയിൽ കണ്ടെത്തിയ വ്യാപക ക്രമക്കേടുകള്‍ വിവാദമാകുന്നു. വെള്ളി പകല്‍ രണ്ടിന്‌ ചേരുന്ന കൗൺസിൽ യോഗം ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യും. ന​ഗരസഭയിലെ വ്യാപക അഴിമതി തടയാന്‍ ഭരണസമിതിക്കാകുന്നില്ല. ന​ഗരസഭയുടെ 11 ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ഓഡിറ്റ് വിഭാഗത്തിന് പരിശോധനയ്‌ക്ക് നൽകിയില്ല. പാസ്‌ബുക്കുകളും മറ്റ്‌ രേഖകളും ഡെപ്പോസിറ്റ് തുകയുടെ കണക്കുകളും പരിശോധനയ്ക്ക് ലഭ്യമാക്കിയിട്ടില്ല.

പൊതുമരാമത്ത് 
അഴിമതി തടയുന്നില്ല
മരാമത്തുപണികൾ ടെൻഡർ ചെയ്തതിനുശേഷം കരാര്‍ വയ്‌ക്കാന്‍ വൈകുന്ന കരാറുകാരിൽനിന്ന്‌ പിഴ ഈടാക്കാറില്ല. മരാമത്തുപ്രവൃത്തികൾക്ക് അനുവദിച്ച കാലാവധി രണ്ടുതവണ നീട്ടിനൽകിയ നാലു കരാറുകാരിൽനിന്ന്‌ പിഴ ഈടാക്കിയില്ല. ഈ ഇനത്തിൽ നഗരസഭയ്ക്ക് 1,73,926 രൂപ നഷ്ടംവന്നു. ഏഴു മരാമത്തുപണികളുടെ ഫയലുകൾ ഓഡിറ്റ് പരിശോധനയ്‌ക്ക് ഹാജരാക്കാതിരുന്നതുമൂലം 33,89,500 രൂപയുടെ ബില്ലുകൾ ഓഡിറ്റ് വിഭാഗം തടഞ്ഞു. ക്രമക്കേട് തടയാന്‍ ഏർപ്പെടുത്തിയ യുഡിഎഫ് മോണിറ്ററിങ് കമ്മിറ്റി, വീഴ്ച തടയുന്നില്ലെന്ന ആരോപണം ശക്തം.

കോടികളുടെ ഫണ്ട് നഷ്ടപ്പെടുത്തി
വികസനഫണ്ട് വിനിയോഗത്തിലും ഗുരുതരവീഴ്ചയാണ് നഗരസഭയുടെ ഭാഗത്തുനിന്ന്‌ ഉണ്ടായത്. വിവിധ വികസന ഫണ്ടുകൾ സമയബന്ധിതമായി തീർക്കാത്തതുമൂലം 3,72,15,168 രൂപ നഗരസഭയ്‌ക്ക് നഷ്ടമായി. ധനകമീഷ​ന്റെ ഗ്രാ​ന്റ് ഇനത്തിൽ നഷ്ടപ്പെട്ടത് 1,62,31,165 രൂപയാണ്.

തൊഴിൽനികുതി 
പിരിവിൽ അലംഭാവം
തൊഴിൽനികുതി പിരിവുമായി ബന്ധപ്പെട്ട് നഗരസഭയിൽ സൂക്ഷിക്കേണ്ട പ്രധാന രേഖകൾ സൂക്ഷിക്കുന്നതിലെ അലംഭാവം ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി. സ്ഥാപനങ്ങൾ സമർപ്പിക്കുന്ന ജീവനക്കാരുടെ വരുമാന സ്റ്റേറ്റ്മെന്റുകളിൽ ക്ലർക്ക് തലത്തിലോ സൂപ്പർവൈസറി തലത്തിലോ ഭരണതലത്തിലോ സൂക്ഷ്മപരിശോധന നടത്തുന്നില്ല. നഗരസഭയിൽ തൊഴിൽനികുതി അടയ്‌ക്കേണ്ട എത്ര സ്ഥാപനങ്ങളുണ്ടെന്നുപോലും ന​ഗരസഭയ്ക്ക്‌ കണക്കില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top