22 December Sunday

എഎംആർ ബോധവൽക്കരണം ; രണ്ടാംഘട്ടമായി 
ആശമാർ വീടുകളിലേക്ക്‌

ആർ ഹേമലതUpdated: Friday Aug 23, 2024


കൊച്ചി
ആന്റിബയോട്ടിക്‌ സാക്ഷരത താഴെത്തട്ടിലേക്ക്‌ എത്തിക്കാൻ പദ്ധതി തയ്യാറാക്കി ജില്ലാ ആരോഗ്യവകുപ്പ്‌. ഇതിന്റെ ഭാഗമായി പരിശീലനം ലഭിക്കുന്ന ആശമാർ ജില്ലയിലെ ഒരുലക്ഷം വീടുകളിലെത്തി ബോധവൽക്കരണം നടത്തും.

ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം തടയുന്നതിന്‌ ശക്തമായ ഇടപെടലാണ്‌ സർക്കാർ നടത്തുന്നത്‌. ആദ്യഘട്ടത്തിൽ ഡോക്‌ടർമാരുടെ ഇടയിൽ ബോധവൽക്കരണം നടത്തുകയും പ്രിസ്‌ക്രിപ്‌ഷൻ ഇല്ലാതെ മരുന്നുകൾ വിതരണം ചെയ്യരുതെന്ന്‌ ഫാർമസികൾക്ക്‌ കർശന നിർദേശം നൽകുകയും ചെയ്‌തിരുന്നു. ബോധവൽക്കരണത്തിന്റെ ഭാഗമായി ആന്റിബയോട്ടിക്‌ വിൽപ്പനയിൽ വലിയ തോതിലുള്ള കുറവ് സംഭവിച്ചിരുന്നു. രണ്ടാംഘട്ടത്തിൽ പൊതുജനങ്ങൾക്കിടയിലാണ് ബോധവൽക്കരണം  നടത്തുന്നത്‌. ഇതിന്റെ ഭാഗമായാണ്‌ ആശമാർ വീടുകളിലേക്ക്‌ എത്തുന്നതെന്ന്‌ ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രാേഗ്രാം മാനേജർ ഡോ. പി എസ്‌ ശിവപ്രസാദ്‌ പറഞ്ഞു.

ജില്ലയിലെ 82 പഞ്ചായത്തുകളിലും 13 മുനിസിപ്പാലിറ്റികളിലും ഒരു കോർപറേഷനിലുമായി ആകെ 1833 വാർഡുകളാണുള്ളത്‌. ഒരു വാർഡിൽ 500 വീടുകൾവച്ച്‌ ജില്ലയിലാകമാനം ഏകദേശം ഒരുലക്ഷം വീടുകളാണുള്ളത്‌. ഈ വീടുകളിലേക്ക്‌ ആശമാർ നേരിട്ടെത്തി എഎംആർ (ആന്റി മൈക്രോ റസിസ്റ്റൻസ്‌) ബോധവൽക്കരണം നടത്തും. ഡോക്ടറുടെ നിർദേശാനുസരണംമാത്രമേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാവൂ, മിക്ക അണുബാധകളും വൈറസ്‌മൂലം ഉണ്ടാകുന്നതിനാൽ അവയ്‌ക്ക്‌ ആന്റിബയോട്ടിക്കുകൾ ഫലപ്രദമല്ല, ഇവ സ്വയം ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങിക്കഴിക്കുകയോ ചെയ്യരുത്, ചികിത്സ കഴിഞ്ഞ്‌ ശേഷിക്കുന്നവയോ കാലഹരണപ്പെട്ടതോ ആയവ ഉപയോഗിക്കരുത്‌ തുടങ്ങിയ കാര്യങ്ങൾ ആശമാർ വീടുകളിലെത്തി വിശദീകരിക്കും. ലക്ഷ്യം കൈവരിക്കാനായി വാർഡ് അംഗങ്ങളും കുടുംബശ്രീയുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ആശമാർക്ക്‌ പരിശീലനം നൽകും. വെള്ളിയാഴ്‌ച തേവരയിൽ ചേരുന്ന ആശമാരുടെ യോഗത്തിൽ ഭാവിപരിപാടികൾ തീരുമാനിക്കുമെന്ന്‌ ജില്ലാ ആശാ കോ–-ഓർഡിനേറ്റർ സജന സി നാരായണൻ പറഞ്ഞു. 110 ആശമാർ പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top