23 September Monday

കളി പഠിക്കാൻ പോയി 
കോച്ചായി മടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024


വൈപ്പിൻ
ഫുട്ബോളിനോടുള്ള ആവേശംമൂത്ത് പ്ലസ്ടു പഠനത്തിന് ഇടവേള നൽകി കളി പഠിക്കാൻ പഞ്ചാബിലേക്ക്‌ പോയ പയ്യൻ പിന്നീട് കോച്ചായാണ് തിരിച്ചെത്തിയത്. രാജ്യത്തെ പ്രായം കുറഞ്ഞ അംഗീകൃത ഫുട്ബോൾ പരിശീലകനായിരിക്കുകയാണ് പതിനെട്ടുകാരനായ വൈപ്പിൻ പെരുമ്പിള്ളി സ്വദേശി വലിയവീട്ടിൽ നിരഞ്ജൻ അനീഷ്.

വൈപ്പിൻ സെവൻ ആരോസ് ഫുട്ബോൾ അക്കാദമിയിൽ ഒമ്പതാംവയസ്സിലാണ്‌ കളി പഠിക്കാനായി നിരഞ്ജൻ എത്തിയത്. തുടക്കം ഗോൾ കീപ്പറായിട്ടായിരുന്നു. ഇതിനിടെ കോഴിക്കോട്ട്‌ നടന്ന സെപ്റ്റ് ഫെസ്റ്റിൽ സെവൻ ആരോസ് ചാമ്പ്യന്മാരായപ്പോൾ നിരഞ്ജൻ മികച്ച ഗോൾകീപ്പറായി. ഇതോടെ സ്പോർട്സ് കൗൺസിൽ ഉൾപ്പെടെ അഞ്ചോളം റസിഡൻഷ്യൽ അക്കാദമികളിലേക്ക് സെലക്‌ഷൻ കിട്ടിയെങ്കിലും നിരഞ്ജൻ തെരഞ്ഞെടുത്തത് മലപ്പുറം ചേലേമ്പ്ര എൻഎൻഎംഎച്ച്എസ് ആയിരുന്നു. എന്നാൽ, സുബ്രതോ ദേശീയമത്സരത്തിന് ടീം യോഗ്യത നേടാനാകാതിരുന്നതോടെ ഗോകുലം കേരള അണ്ടർ 13 ടീമിലേക്ക് മാറി. ഇതിനുശേഷമാണ് കൂടുതൽ പഠിക്കാനായി പഞ്ചാബിലേക്ക് പോയത്. മിനർവ ഫുട്ബോൾ അക്കാദമിയിൽ മൂന്നുമാസത്തെ ക്യാമ്പിനായി ചേർന്നു. ഒരാഴ്ചത്തെ പരിശീലനത്തിനുശേഷം എലൈറ്റ് ബാച്ചിലേക്ക് തെരഞ്ഞെടുത്തത് വഴിത്തിരിവായി. പിന്നീട് ചീഫ് കോച്ച് യാൻ ലോയുടെ നിർദേശപ്രകാരം ഡി ലൈസൻസ് കോഴ്സിന് ചേർന്നു. ഒരുമാസത്തെ ഇന്റേൺഷിപ്പും പൂർത്തിയാക്കി. അങ്ങനെ കഠിനാധ്വാനത്തിലൂടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അംഗീകൃത ഫുട്ബോൾ പരിശീലകനായിട്ടാണ് തിരിച്ചെത്തിയത്. ഇനി പരിശീലനവും കളിയും ഒരുമിച്ച് കൊണ്ടുപോകാനാണ് നിരഞ്ജന്റെ തീരുമാനം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top