കൊച്ചി
കേരളീയം 2023ന്റെ ഭാഗമായി ജില്ലാതല പാചകമത്സരം സംഘടിപ്പിച്ച് കുടുംബശ്രീ. കളമശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പാചകമത്സരത്തിൽ ജില്ലയിലെ 14 ബ്ലോക്കുകളിൽനിന്നായി 14 കഫെ സംരംഭ യൂണിറ്റുകൾ പങ്കെടുത്തു. മത്സരത്തിൽ അങ്കമാലി ബ്ലോക്കിലെ കാലടി സിഡിഎസിൽനിന്നുള്ള മലർ കഫെ ഒന്നാംസ്ഥാനവും ആലങ്ങാട് ബ്ലോക്കിലെ വരാപ്പുഴ സിഡിഎസിൽനിന്നുള്ള സമൃദ്ധി കഫെ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
കേരള ബിരിയാണി, പിടിയും കോഴിയും, മില്ലെറ്റ് പായസം എന്നിങ്ങനെ മൂന്ന് വിഭവങ്ങളാണ് മത്സരത്തിനെത്തിയ ഗ്രൂപ്പുകൾ തയ്യാറാക്കിയത്. ഭക്ഷണവിഭവങ്ങൾ തയ്യാറാക്കുന്നതിന് രണ്ടരമണിക്കൂറും വിഭവങ്ങളുടെ പ്രസന്റേഷന് അരമണിക്കൂറുമായി ആകെ മൂന്നുമണിക്കൂറായിരുന്നു പാചകമത്സരം.
കലക്ടർ എൻ എസ് കെ ഉമേഷ് പാചകമത്സരം സന്ദർശിച്ചു. മത്സരശേഷം നടന്ന സമാപനസമ്മേളനത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ടി എം റെജീന, അസിസ്റ്റന്റ് കോ–-ഓർഡിനേറ്റർമാരായ അമ്പിളി തങ്കപ്പൻ, കെ സി അനുമോൾ, ജില്ലാ പ്രോഗ്രാം മാനേജർമാരായ പി ആർ അരുൺ, പി എ അജിത്, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ എസ് ഗിരീഷ്, കുടുംബശ്രീ ബ്ലോക്ക് കോ–-ഓർഡിനേറ്റർമാർ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..