ആലുവ
കീഴ്മാടിനെ ഹരിതാഭമാക്കാൻ പ്ലാസ്റ്റിക്കും ജൈവമാലിന്യങ്ങളും തരംതിരിക്കുന്ന ജോലിക്കിടയിലും ഹരിതകർമസേനാ അംഗങ്ങളായ 63കാരി തങ്കമ്മ കൊച്ചയ്യപ്പനും 60കാരി നൂർജഹാൻ മുഹമ്മദും തലയ്ക്കുമുകളിലൂടെ പറക്കുന്ന വിമാനം കൗതുകത്തോടെ നോക്കാറുണ്ട്. തങ്ങൾ താമസിക്കുന്ന കീഴ്മാടിനടുത്തുള്ള നെടുമ്പാശേരി വിമാനത്താവളം കാണണമെന്നും ഒരിക്കലെങ്കിലും വിമാനത്തിലൊന്ന് കയറാൻ കഴിഞ്ഞെങ്കിലെന്നും സ്വപ്നം കണ്ടിട്ടുമുണ്ട്. അപ്രതീക്ഷിതമായാണ് അവരുടെ സ്വപ്നം സാക്ഷാൽക്കരിച്ചത്. നൂർജഹാനും തങ്കമ്മയും അടക്കം ഹരിതകർമസേനാ അംഗങ്ങളായ 14 വീട്ടമ്മമാർ വിമാനത്തിൽ പറന്നു.
ചോറ്റാനിക്കരയിൽ ഹരിതകർമസേനാ കൺസോർഷ്യം പ്രസിഡന്റായിരുന്ന രമ്യയാണ് വിമാനയാത്രയെക്കുറിച്ച് ഇവർക്ക് അറിവുനൽകിയത്. കീഴ്മാട് ഹരിതകർമസേനയിലെ 20 പേരും യാത്രയ്ക്ക് തയ്യാറായി. ചിലർ അവസാന നിമിഷം പിന്മാറി. എന്നാലും വായ്പയെടുത്തും കൈയിലുള്ളതെല്ലാം നുള്ളിപ്പെറുക്കിയും 14 പേർ യാത്രക്കൊരുങ്ങി. 17ന് രാവിലെ 6.40ന് കൊച്ചി വിമാനത്താവളത്തിൽനിന്ന് അവർ ബംഗളൂരുവിലേക്ക് പറന്നു. രണ്ട് പകലും ഒരുരാത്രിയും ഉൾപ്പെട്ട യാത്രയ്‌ക്ക് 9000 രൂപയായിരുന്നു ഒരാൾക്ക് ചെലവ്. മടക്കയാത്ര ട്രെയിനിലായിരുന്നു. ട്രെയിനിൽപോലും കയറാത്തവർവരെ യാത്രാസംഘത്തിലുണ്ടായിരുന്നു. നന്ദി ഹിൽസ്, ബൊട്ടാണിക്കൽ ഗാർഡൻ, ജവാഹർലാൽ നെഹ്റു പ്ലാനറ്റോറിയം, ഇന്ദിരാഗാന്ധി മ്യൂസിക് ഗാർഡൻ എന്നിവ സന്ദർശിച്ച് ഷോപ്പിങ്ങും നടത്തി. ബംഗളൂരു യാത്രയുടെ സാമ്പത്തികബാധ്യത തീർന്നാൽ സ്വപ്നതുല്യമായ കശ്മീർ യാത്രയാണ് അടുത്ത ലക്ഷ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..