26 December Thursday

ആസ്വാദകമനം നിറച്ച്‌ 
പവിഴമല്ലിത്തറ മേളം

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023


ചോറ്റാനിക്കര
പവിഴമല്ലി പൂത്തുലഞ്ഞപോൽ മേളപ്പെരുക്കം തീർത്ത് ചോറ്റാനിക്കര ക്ഷേത്രത്തിൽ നടൻ ജയറാമിന്റെ പവിഴമല്ലിത്തറ മേളം. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഞായറാഴ്‌ചയാണ്‌ ആസ്വാദകമനം നിറച്ച്‌ ജയറാമിന്റെ പ്രമാണത്തിൽ പവിഴമല്ലിത്തറ മേളം കൊട്ടിക്കയറിയത്‌.

ശ്രീമൂലസ്ഥാനമായ പവിഴമല്ലിത്തറയ്ക്കുമുന്നില്‍ പതിഞ്ഞ കാലത്തിലാണ് ജയറാം കൊട്ടിക്കയറിയത്. രണ്ടും മൂന്നും നാലും കാലങ്ങള്‍ കൊട്ടിക്കയറി അഞ്ചാംകാലത്തിലെത്തിയതോടെ മേളാവേശവും ഉച്ചസ്ഥായിയിലായി. ജയറാമിനൊപ്പം 187 വാദ്യകലാകാരന്മാരാണ് അണിനിരന്നത്. ചോറ്റാനിക്കര സത്യൻ നാരായണമാരാർ വലത്തേ കൂട്ടും ആനിക്കാട് കൃഷ്ണകുമാർ ഇടത്തേ കൂട്ടും ചേർന്നു. വലംതല പ്രമാണിയായി തിരുവാങ്കുളം രഞ്ജിത്, കൊമ്പിൽ മച്ചാട് ഹരിദാസ്, കുഴലിൽ പെരുവാരം സതീശൻ, ചേർത്തല ബാബു, കൊടകര അനൂപ്, ഇലത്താളത്തിൽ ചോറ്റാനിക്കര ജയകുമാർ, ചോറ്റാനിക്കര സുനിൽകുമാർ, ചോറ്റാനിക്കര രാജു എന്നിവരും അണിനിരന്നു. വൻ ജനസഞ്ചയത്തെ ആവേശക്കൊടുമുടിയേറ്റിയ മേളം രണ്ടരമണിക്കൂറോളം നീണ്ടു.

മേളത്തിന്റ അകമ്പടിയിൽ മൂന്ന്‌ ഗജവീരന്മാരോടുകൂടിയായിരുന്നു ശീവേലി. കോവിഡിന്റെ  പശ്ചാത്തലത്തിൽമാത്രം മാറിനിന്ന ജയറാം 10–-ാംതവണയാണ് പവിഴമല്ലിത്തറ മേളത്തിന് പ്രമാണിയായി എത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top