26 December Thursday

ലീലയ്‌ക്ക് കിടപ്പാടം ഒരുക്കണമെന്ന ആവശ്യം ശക്തം

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023


പറവൂർ
അനാഥയും അവിവാഹിതയുമായ പെരുമ്പടന്ന വാടാപ്പിള്ളിപ്പറമ്പ് ലീല താമസിച്ചിരുന്ന വീട് പൊളിച്ചുകളഞ്ഞ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആലുവയിൽ ഡിടിപി സെന്ററില്‍ ജീവനക്കാരിയായ ലീലയെ 56 വർഷമായി താമസിക്കുന്ന ഭൂമിയിൽനിന്ന് ഇറക്കിവിടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്. വ്യാഴം വൈകിട്ട് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് താമസിച്ചിരുന്ന വീട് പൊളിച്ചനിലയിൽ കണ്ടത്. ലീലയ്‌ക്കൊപ്പം വീട്ടിൽ താമസിച്ചിരുന്ന സഹോദരപുത്രൻ രമേഷാണ് മണ്ണുമാന്തിയന്ത്രം ഉപയാഗിച്ച് വീട് പൊളിച്ചത്. ഇതോടെ ലീലയുടെ വസ്ത്രങ്ങളും പാത്രങ്ങളും മറ്റ് സാധനസാമഗ്രികളും നഷ്ടമായി. നിരവധിതവണ ഇയാള്‍ ലീലയെ വീട്ടിൽനിന്ന് ഇറക്കിവിടാൻ ശ്രമിച്ചിരുന്നു. ഇവർ തമ്മിൽ വാക്കുതർക്കങ്ങളും കലഹങ്ങളും പതിവായിരുന്നു. ലീല പലതവണ രമേഷിന്റെ മർദനത്തിന്‌ ഇരയായിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.  ലീല നൽകിയ പരാതിയിൽ രമേഷിനെതിരെ കേസെടുത്തെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാനോ വീട് പൊളിക്കാന്‍ ഉപയോ​ഗിച്ച മണ്ണുമാന്തിയന്ത്രം പിടിച്ചെടുക്കാനോ പൊലീസിന് കഴിഞ്ഞിട്ടില്ല.

വീടുണ്ടായിരുന്ന 22 സെന്റ് സ്ഥലത്തോട് ചേർന്ന് കുടികിടപ്പായി ലഭിച്ച ഏഴുസെന്റ് സ്ഥലം കുടുംബസ്വത്തായുണ്ട്. ലീലയ്‌ക്കും ആറ് സഹോദരങ്ങൾക്കും ഇതിൽ അവകാശവുമുണ്ട്. ഈ സ്ഥലത്ത് ലീലയ്ക്ക് വീട് നിർമിച്ചുകൊടുക്കണമെന്നുള്ള ആവശ്യമാണ് ഉയരുന്നത്. ലീലയുടെ കിടപ്പാടം ഇല്ലാതാക്കിയ രമേഷ് തന്നെ ഇതിന് മുൻകൈയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതിനൊരു തീരുമാനം ഉണ്ടാകുംവരെ നിലവിലെ സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മാറില്ലെന്ന് ലീലയും പറഞ്ഞു. പൊളിച്ച വീടിനു മുൻവശത്തായി പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഒരു താൽക്കാലിക ഷെഡ് നാട്ടുകാർ നിർമിച്ചിട്ടുണ്ട്. ലീലയ്‌ക്ക് അന്തിയുറങ്ങാനായി കട്ടിലും ഷെഡിനകത്ത് കൊണ്ടുവന്നിട്ടിട്ടുണ്ട്. പറവൂർ സഹകരണ ബാങ്കിൽ പൊളിച്ചുകളഞ്ഞ വീട് പണയപ്പെടുത്തി രമേഷ് വായ്പയെടുത്തിട്ടുണ്ട്. ബാങ്കിന്റെ അറിവില്ലാതെ വീട് പൊളിച്ചുനീക്കിയതിനാൽ രമേഷിനെതിരെ പൊലീസിൽ പരാതി നൽകാനുള്ള തീരുമാനത്തിലാണ് ബാങ്ക്.

ലീലയ്‌ക്ക് സുരക്ഷിതമായ താമസം ഉറപ്പാക്കണമെന്ന് സ്ഥലം സന്ദർശിച്ച സിപിഐ എം ഏരിയ സെക്രട്ടറി ടി ആർ ബോസ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ആവശ്യമായ എല്ലാ സഹായങ്ങളും ലീലയ്‌ക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. അവിവാഹിതയായ ആരോരുമില്ലാത്ത സ്ത്രീയോട് ചെയ്തത് കൊടും ക്രൂരതയാണെന്നും ഇതിന് ഉത്തരവാദികളായവരുടെ പേരിൽ കർശന നിയമനടപടി കൈക്കൊള്ളണമെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ്‌ എം എ രശ്മി, സെക്രട്ടറി എം ആർ റീന എന്നിവർ ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവ് വി ഡി സതീശനും നഗരസഭാ അധ്യക്ഷ ബീന ശശിധരനും സ്ഥലം സന്ദർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top