കൂത്താട്ടുകുളം
"ഹലോ കൂട്ടുകാരേ, ഇത് റേഡിയോ ആത്താനിക്കൽ... ഞങ്ങൾ ബ്ലസൽ ബന്നി, അന്ന ഷിബു’–- മണ്ണത്തൂർ ആത്താനിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടി റേഡിയോ ജോക്കികൾ തകർക്കുകയാണ്. ഇവിടത്തെ കുട്ടികളുടെ ഒഴിവുസമയങ്ങൾക്ക് നിറംപകരാന്‍ റേഡിയോ ആത്താനിക്കല്‍ കൂട്ടുണ്ട്. അറിവും കളിയും പാട്ടുമായി കുട്ടികള്‍ക്കിടയില്‍ താരമായിരിക്കുകയാണ് റേഡിയോ.
പ്രീ പ്രൈമറിമുതൽ എല്ലാ ക്ലാസ്‌മുറികളിലും ഡയനിങ് ഹാളിലും സ്കൂളിലെ പൊതു ഇടങ്ങളിലും റേഡിയോശബ്ദമെത്തും. ആംപ്ലിഫയർ, സൗണ്ട് മിക്സിങ് യൂണിറ്റ് അടക്കമുള്ള സംവിധാനങ്ങളോടെ ഒരുലക്ഷം രൂപ ചെലവിലാണ് റേഡിയോനിലയം ക്രമീകരിച്ചിരിക്കുന്നത്. ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി മൂന്ന് സമയങ്ങളിലായാണ് റേഡിയോ പ്രവര്‍ത്തനം.
ഓരോ ദിവസത്തെയും പ്രധാന സംഭവവികാസങ്ങൾ, ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലെ വാർത്തവായനകൾ, സംഗീതപരിപാടികൾ, ദിനങ്ങളുടെ പ്രത്യേകതകള്‍, നാടകങ്ങൾ എന്നിവയാണ് റേഡിയോയിലെ പ്രധാന പരിപാടികള്‍. നടന്‍ സാജൻ പള്ളുരുത്തി റേഡിയോ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് അംഗം ആശ സനിൽ, എം എം ജോർജ്, നെവിൻ ജോർജ്, അനിത ബേബി, മുരളീധര കൈമൾ, സി വി ജോയി, കെ എസ് വിനോദ്, എഇഒ ബോബി ജോർജ്, ഹെഡ്മിസ്ട്രസ് എം എസ് സുബ്ബലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..