കൊച്ചി
കാലാവസ്ഥ അനുകൂലമായതോടെ അലക്‌സാണ്ടർ പറമ്പിത്തറ പാലത്തിലെ ടാറിങ് തുടങ്ങി. തേവരയിൽനിന്ന് സിഫ്‌റ്റ് ജങ്ഷൻവരെ 650 മീറ്റർ നീളമുള്ള പാലത്തിന്റെ സിഫ്‌റ്റ് ജങ്ഷൻ ഭാഗത്തുനിന്നാണ് ടാറിങ് തുടങ്ങിയത്. മഴ മാറിനിന്നാൽ 3–-4 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ. തുടർന്ന് രണ്ടുദിവസംകൂടി പാലം അടച്ചിട്ടശേഷം ഗതാഗതത്തിന് തുറക്കാനാണ് ഉദ്ദേശിക്കുന്നത്.
അലക്‌സാണ്ടർ പറമ്പിത്തറ പാലത്തിലെയും കുണ്ടന്നൂർ തേവര പാലത്തിലെയും പൊട്ടിപ്പൊളിഞ്ഞ ടാർ നീക്കുന്ന മില്ലിങ് ജോലികൾ രണ്ടുദിവസംമുമ്പ് പൂർത്തിയായിരുന്നു. പിന്നാലെ മഴ പെയ്‌തതിനാൽ ടാറിങ് ആരംഭിക്കാനായില്ല. തിങ്കളാഴ്‌ച മഴ മാറിനിന്നതിനാൽ ചൊവ്വ പകൽ 11ന് ടാറിങ് തുടങ്ങി. മഴ പ്രതീക്ഷിക്കുന്നതിനാൽ ആദ്യദിവസം കൂടുതൽ ദൂരം ടാർ ചെയ്യാനുള്ള തയ്യാറെടുപ്പ് നടന്നിട്ടില്ല. ഇതേ കാലാവസ്ഥ തുടർന്നാൽ അടുത്ത ദിവസങ്ങളിൽ പണി വേഗത്തിലാകും.
പൊട്ടിപ്പൊളിയുകയോ ഇളകിപ്പോകുകയോ ചെയ്യാത്ത സ്‌റ്റോൺ മാട്രിക്‌സ് അസ്‌ഫാൾട്ട് (എസ്‌എംഎഫ്) നിർമാണവിദ്യ അടിസ്ഥാനമാക്കിയുള്ള ടാറിങ്ങാണ് ഇരു പാലങ്ങളിലും നടക്കുന്നത്. പാലത്തിന്റെ കോൺക്രീറ്റ് പ്രതലത്തിൽ പ്രത്യേക അളവിൽ നിർമിച്ച മിശ്രിതം ചേർത്ത് ടാർ ചെയ്യുന്ന രീതിയാണ് എസ്‌എംഎഫ് നിർമാണവിദ്യ. പറമ്പിത്തറ പാലം ടാറിങ് പൂർത്തിയാകുന്നമുറയ്‌ക്കുതന്നെ 1720 മീറ്റർ നീളമുള്ള കുണ്ടന്നൂർ തേവര പാലത്തിലെ ജോലികൾ തുടങ്ങും. ഇരുപാലങ്ങളുടെയും നവീകരണത്തിന് 12.85 കോടി രൂപ പൊതുമരാമത്തുവകുപ്പ് അനുവദിച്ചിട്ടുണ്ട്. നവംബർ 15 വരെ ഇരുപാലങ്ങളിലെയും ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..