23 December Monday

ഓണ്‍ലൈന്‍ ട്രേഡിങ്ങിൽ ലാഭം വാഗ്‌ദാനംചെയ്ത്‌ തട്ടിപ്പ്‌: 3 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024


കൊച്ചി
ഓഹരിവിപണിയിൽ ഓണ്‍ലൈന്‍ ട്രേഡിങ്ങിൽ ലാഭം വാഗ്‌ദാനംചെയ്ത്‌ ബാങ്ക് മാനേജരുടെ 52.2 ലക്ഷം രൂപ തട്ടിയ കേസിൽ മൂന്നംഗസംഘം അറസ്റ്റിൽ. ആലപ്പുഴ ചന്തിരൂർ നടുവിലത്തറ നികർത്ത് മുഹമ്മദ് അൽത്താഫ് ഹുസൈൻ (22), മലപ്പുറം എടപ്പാൾ മാങ്ങാട്ടൂർ ഉളിയത്ത് മുഹമ്മദ് ഷബീബ് (23), ആലപ്പുഴ ചന്തിരൂർ പഴയപാലം പടിഞ്ഞാറേ പൊയ്കയിൽ മുഹമ്മദ് ഷിയാസ് (29) എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമാസംമുമ്പാണ് സംഭവം. ട്രേഡിങ്ങിലൂടെ പണം ഇരട്ടിയായി നൽകാമെന്ന്‌ വിശ്വസിപ്പിച്ച്‌ എറണാകുളം സ്വദേശി ബാങ്ക് മാനേജരുടെ പക്കൽനിന്ന്‌ പലതവണയായി 52.2 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ ബാങ്ക് മാനേജർ പൊലീസിൽ പരാതി നൽകി. കടവന്ത്ര പൊലീസ് നടത്തിയ പരിശോധനയിൽ ഈ തുക രണ്ടുപേരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതായും യുഎഇയിലുള്ള എടിഎമ്മിൽനിന്ന് തുക പിൻവലിച്ചതായും കണ്ടെത്തി. തുടർന്ന് അക്കൗണ്ട് ഉടമകളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കടവന്ത്രയിലെ ബാങ്ക് ശാഖയിൽനിന്ന് അൽത്താഫാണ് അക്കൗണ്ടെടുത്തത്. ഇത് 10,000 രൂപയ്ക്ക് ഷിയാസിന് വിൽക്കുകയായിരുന്നുവെന്നാണ് അൽത്താഫ് പൊലീസിന്‌ നൽകിയ മൊഴി. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് സംശയിക്കുന്നു. കടവന്ത്ര സ്റ്റേഷൻ ഇൻസ്‌പെക്ടർ പി എം രതീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ഷിഹാബ്, അസി. സബ് ഇൻസ്‌പെക്ടർ ദിലീപ്, സജിത് സോമൻ, സീനിയർ സിപിഒ ടോബിൻ, സിപിഒ ഷാലു എൻ പൗലോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top