23 November Saturday

തൃക്കാക്കര നഗരസഭ ; മാലിന്യനീക്കത്തിന് വ്യാജ ബില്ലുണ്ടാക്കി പണം വെട്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

മാലിന്യനീക്കത്തിന് വ്യാജ ബില്ലുണ്ടാക്കി പണം വെട്ടിച്ചവർക്കെതിരെ നടപടി 
ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭാ സെക്രട്ടറിക്ക് മുന്നിൽ പ്രതിഷേധിക്കുന്ന എൽഡിഎഫ് കൗൺസിലർമാർ


തൃക്കാക്കര
തൃക്കാക്കര നഗരസഭയിൽ മാലിന്യനീക്കത്തിന് വ്യാജ ബില്ലുണ്ടാക്കി പണം വെട്ടിക്കുന്നതായി കണ്ടെത്തി. വ്യാജ ബില്ലുണ്ടാക്കിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്കുമുന്നിൽ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. പ്രതിപക്ഷനേതാവ് എം കെ ചന്ദ്രബാബു, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ റസിയ നിഷാദ്, കൗൺസിലർമാരായ എം ജെ ഡിക്സൺ, ജിജോ ചിങ്ങംതറ, അജുന ഹാഷിം, പി സി മനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചത്. തുടർന്ന് മാലിന്യനീക്കത്തിന്റെ ഒരുവർഷത്തെ കണക്കുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സെക്രട്ടറി ആരോഗ്യവിഭാഗത്തോട് ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം ചേർന്ന ധനകാര്യ കമ്മിറ്റിയിൽ ആരോഗ്യവിഭാഗം സൂപ്പർ വൈസർ കഴിഞ്ഞമാസത്തെ നഗരസഭയുടെ മാലിന്യനീക്കത്തിലുള്ള ബില്ലിൽ കൃത്രിമത്വം നടന്നതായി കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. 80,000 രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. തുടർന്ന് ഏജൻസി സമർപ്പിച്ച 10 ലക്ഷം രൂപയുടെ ബിൽ സെക്രട്ടറി തിരിച്ചയക്കുകയും മാലിന്യനീക്കത്തിന്റെ അളവ് തിട്ടപ്പെടുത്താൻ ഹെൽത്ത് ഇൻസ്പെക്ടർക്ക് ചുമതല നൽകുകയും ചെയ്തു.
ഹരിതകർമസേന വീടുകളിൽനിന്ന്‌ ശേഖരിക്കുന്ന ഗാർഹിക ജൈവമാലിന്യവും അജൈവമാലിന്യവും നഗരസഭ സംസ്കരണകേന്ദ്രത്തിലെത്തിച്ച് അവിടെനിന്ന്‌ ഏജൻസി വാഹനത്തിൽ കൊണ്ടുപോയി സംസ്കരിക്കുകയാണ് ചെയ്യുന്നത്.

ഇതിനായി ഒരുകിലോ ജൈവമാലിന്യത്തിന് 3.90 രൂപയും അജൈവമാലിന്യത്തിന് അഞ്ച്‌ രൂപയുമാണ് നഗരസഭ നൽകുന്നത്. മാലിന്യത്തിന്റെ തൂക്കം കൂട്ടിക്കാണിച്ചും ലോഡിന്റെ എണ്ണം കൂട്ടിയുമാണ് തട്ടിപ്പ് നടത്തുന്നത്. ഹരിതകർമസേന നഗരസഭയിൽ എത്തിക്കുന്ന മാലിന്യത്തിന്റെ തൂക്കമളക്കാൻ നഗരസഭ സ്വന്തമായി അളവുതൂക്ക മെഷീൻ സ്ഥാപിക്കണമെന്ന് പ്രതിപക്ഷനേതാവ് എം കെ ചന്ദ്രബാബു ആവശ്യപ്പെട്ടു. മാലിന്യനീക്കം ഏൽപ്പിച്ചിരിക്കുന്നത് മുൻ യൂത്ത് കോൺഗ്രസ് നേതാവിനെയാണെന്നും ആരോഗ്യ സ്ഥിരംസമിതിയുടെ അറിവോടെയാണ് വൻ തട്ടിപ്പ് നടക്കുന്നതെന്നും എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top