കൊച്ചി
റോഡിലെ കുഴികൾ നിമിഷങ്ങൾക്കകം അടയ്‌ക്കുന്ന ടാർ പാച്ചിങ് മെഷീൻ കോർപറേഷനിൽ പണി തുടങ്ങി. മേയർ എം അനിൽകുമാറിന്റെ ആവശ്യപ്രകാരം സിഎസ്എംഎൽ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ടാർ പാച്ചിങ് മെഷീനാണ് പ്രവർത്തനം തുടങ്ങിയത്. വെള്ളിയാഴ്‌ച പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റേഡിയം ലിങ്ക് റോഡിലെ കുഴികൾ അടച്ചു. 1.76 കോടി രൂപ മുടക്കിയാണ് യന്ത്രമെത്തിച്ചത്.വലിയ കുഴികൾപോലും കുറഞ്ഞ സമയത്തിനുള്ളിൽ അടയ്‌ക്കാം. സാധാരണഗതിയിൽ എസ്‌റ്റിമേറ്റെടുത്ത് ടെൻഡർ വിളിക്കുന്നതടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിവേണം ഇത്തരം പ്രവൃത്തി നടത്താൻ. ഇതിന് മൂന്നുമാസമെങ്കിലുമെടുക്കും.
ഇതിനിടയിൽ കാൽനടയാത്രക്കാർ ഉൾപ്പെടെ അനുഭവിക്കുന്ന പ്രയാസങ്ങൾ ചെറുതല്ല. അപകടം, ഗതാഗത തടസ്സം ഉൾപ്പെടെയുണ്ടാകും. 1.5 കോടിയോളം രൂപയാണ് ചെറിയ കുഴികൾ അടയ്ക്കാൻ ഒരുവർഷം കോർപറേഷൻ ചെലവഴിക്കുന്നത്. ശരാശരി വ്യാസമുള്ള ഒരു കുഴി അടയ്ക്കാൻ 50,000 രൂപ ചെലവ് വരും. എന്നാൽ, മെഷീൻ വന്നതോടെ 1.5 ലക്ഷത്തോളം രൂപ കോർപറേഷന് ദിവസം ലാഭിക്കാം. യന്ത്രത്തിന്റെ പ്രവർത്തനത്തിന്റെയും തകരാറ് പരിഹരിക്കേണ്ടതിന്റെയും ഉത്തരവാദിത്വം നിർമാതാവിനാണ്. എത്ര ദിവസം ജോലി ചെയ്യുന്നു, എത്ര കുഴികൾ അടയ്ക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് പണം നൽകുക. സ്‌റ്റേഡിയം ലിങ്ക് റോഡിൽ മേയറുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം. സ്‌റ്റാൻഡിങ് സമിതി അധ്യക്ഷ വി കെ മിനിമോൾ, കൗൺസിലർ ജോർജ് നാനാട്ട് എന്നിവർ ഒപ്പമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..