ആലുവ
കടുങ്ങല്ലൂർ കുഞ്ഞുണ്ണിക്കര പാറക്കൽ പുത്തൻപുര പരേതനായ യൂസഫിന്റെ ഭാര്യ ഐഷാബീവിക്ക് വീടെന്ന സ്വപ്നം ഇനി അരികെ. മന്ത്രി പി രാജീവ് ഒരുക്കുന്ന സ്നേഹവീടിന്റെ നിർമാണം തുടങ്ങി. 500 ചതുരശ്രയടിയിൽ നിർമിക്കുന്ന സ്നേഹവീടിന് പി രാജീവ് കല്ലിട്ടു. ‘ഒപ്പം' എന്ന പേരിൽ വിവിധ വിഭാഗം ജനങ്ങൾക്കായി കളമശേരി മണ്ഡലത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ഭാഗമായാണ് ‘വിധവകൾക്ക് ഒപ്പം' പദ്ധതിയും സ്നേഹവീടും ആവിഷ്കരിച്ചതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. 30 സ്നേഹവീടുകൾ നിർമിക്കുന്ന പദ്ധതിയിൽ നാലെണ്ണം പൂർത്തിയായി. പത്താമത്തെ വീടാണ് ഐഷാബീവിയുടേത്.
ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, കൊച്ചി വിമാനത്താവള കമ്പനി, സുഡ്കെമി, ഇൻകെൽ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാജഗിരി ഫൗണ്ടേഷനാണ് നിർവഹണച്ചുമതല. ഇതോടൊപ്പം മറ്റ് സ്ഥാപനങ്ങളുടെ സഹായവും ഉൾപ്പെടുത്തും. ഒരാൾക്ക് എട്ടുലക്ഷം രൂപവീതം ചെലവഴിച്ചാണ് വീടുനിർമാണം.
കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അധ്യക്ഷനായി. മുപ്പത്തടം, കടുങ്ങല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റുമാരായ വി എം ശശി, ടി കെ ഷാജഹാൻ, കുഞ്ഞുണ്ണിക്കര മഹല്ല് ചീഫ് ഇമാം സദകത്തുള്ള ബാഖവി, റമീന ജബ്ബാർ, പി വി സുഗുണാനന്ദൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..