കൊച്ചി
മറൈൻ ഡ്രൈവിൽ ജനുവരി ഒന്നുവരെ നീളുന്ന 41–--ാമത് കൊച്ചിൻ ഫ്ലവർ ഷോ തുടങ്ങി. ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി, ജിസിഡിഎ എന്നിവ ചേര്‍ന്നാണ് സംഘാടനം. മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള അധ്യക്ഷനായി. കലക്ടർ എൻ എസ് കെ ഉമേഷ്, ഹെെബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, കൊച്ചിൻ ഫ്ലവർ ഷോ ജനറൽ കൺവീനർ ടി എൻ സുരേഷ്, ഫ്ലവർ ഷോ വൈസ് പ്രസിഡന്റ് പ്രൊഫ. ജേക്കബ് വർഗീസ് കുന്തറ എന്നിവർ സംസാരിച്ചു.
54,000 ചതുരശ്രയടിയിലാണ് ഫ്ലവർ ഷോ ഒരുങ്ങുന്നത്. ക്രിസ്മസ് ആഘോഷങ്ങൾക്ക് പുത്തൻ നിറം നൽകി ബ്രൊമിലിയാട്സ്, ജമന്തി എന്നിവകൊണ്ടുള്ള ക്രിസ്മസ് ട്രീ കാഴ്ചക്കാരെ ഏറെ ആകർഷിക്കുന്നതാണ്. നെതര്‍ലൻഡില്‍നിന്നുള്ള ഏഴ് വ്യത്യസ്ത നിറങ്ങളിലും ഇനങ്ങളിലുമുള്ള കലാ ലില്ലി, പത്തു നിറത്തിലും ഇനത്തിലുമുള്ള അയ്യായിരത്തോളം പോയിൻസെറ്റിയ എന്നിവ ഏറെ വ്യത്യസ്‌തത നിറഞ്ഞതാണ്. കലാ ലില്ലിയുടെ കിഴങ്ങ് അവിടെനിന്ന് എത്തിച്ച് കേരളത്തിൽ വളർത്തിയെടുത്തതാണ്.
നിലംതൊട്ട് നിൽക്കുന്ന ഇലകളുള്ള, തായ്‌ലൻഡിൽനിന്ന് കൊണ്ടുവന്ന ബോസ്റ്റൺ ഫേണും കൗതുകം ഉണർത്തും. 37,850 പച്ചമുളകിൽ തീർത്ത മയിലിന്റെ രൂപം ഇത്തവണ മാറ്റുകൂട്ടും.അയ്യായിരത്തിനുമുകളിൽ ഓർക്കിഡുകൾ, അഡീനിയം, ആന്തൂറിയം, റോസ്, വിവിധ നിറത്തിലുള്ള പൂക്കളുമായി വാർഷിക പൂച്ചെടികൾ, ബോൺസായ് ചെടികൾ, പലതരം സക്കുലന്റ് ചെടികൾ, പുഷ്പാലങ്കാരം, വെജിറ്റബിൾ കാർവിങ്, മിത ശീതോഷ്ണ കാലാവസ്ഥയിലെ പൂച്ചെടികളായ അമാരില്ലസ്, ഫ്യൂഷിയ, യുസ്റ്റോമ, അസ്സേലിയ തുടങ്ങിയ ഒട്ടേറെ ചെടികളും ഇത്തവണയുണ്ട്. രാത്രി ഒമ്പതുവരെയാണ് പ്രവേശനം. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശനഫീസ്. ഗ്രൂപ്പായി വരുന്ന കുട്ടികൾക്ക് ഇളവുകളുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..