കോലഞ്ചേരി
കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറി ഷാജിമോന്‍ കാവുവിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സെക്രട്ടറിയായി ചുമതലയേറ്റശേഷമുള്ള മൂന്നുവര്‍ഷത്തിനിടെ നടന്നത് അധികാരദുര്‍വിനിയോഗവും അച്ചടക്കലംഘനവും കൃത്യവിലോപവുമാണെന്ന് കണ്ടെത്തൽ.റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ക്കുവേണ്ടി ഒട്ടേറെ ചട്ടവിരുദ്ധതീരുമാനങ്ങള്‍ എടുത്തതായി തെളിഞ്ഞു. പഞ്ചായത്തില്‍ പുതുതായി നിര്‍മിച്ച ഗോഡൗണുകള്‍ക്ക് പെര്‍മിറ്റ് ഫീസ് കുറച്ചും കെട്ടിടങ്ങളുടെ നികുതി കുറച്ചും വന്‍ തിരിമറി നടത്തിയതായും പരാതികൾ ഉയർന്നു. പെര്‍മിറ്റ് ഇല്ലാതെ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ അനുവാദം കൊടുക്കുകയും രേഖകളില്‍ കൃത്രിമം കാണിച്ച് നമ്പര്‍ അനുവദിക്കുകയും ചെയ്തതായും കണ്ടെത്തി. കെട്ടിടങ്ങളുടെ ക്രമവല്‍ക്കരണ അപേക്ഷകള്‍ ചട്ടപ്രകാരം സമര്‍പ്പിച്ചിട്ടില്ല. പഞ്ചായത്തിലെ ഇ–-ഫയലിങ് സംവിധാനമായ സങ്കേതം സോഫ്റ്റ്‌വെയര്‍ മുഖേന അപേക്ഷ നല്‍കി ഹാര്‍ഡ് കോപ്പി ഓഫീസില്‍ നല്‍കണമെന്നാണ് ചട്ടം. എന്നാല്‍, ഇതൊന്നും പാലിക്കാതെയാണ് അപേക്ഷകളില്‍ ക്രമവല്‍ക്കരണ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് തെളിഞ്ഞു.
കെട്ടിടനമ്പര്‍ ലഭിക്കാൻവേണ്ടി സമര്‍പ്പിച്ച പല അപേക്ഷകളിലും സാങ്കേതികവിഭാഗത്തിന്റെ റിപ്പോര്‍ട്ട് തേടിയിട്ടില്ല. പെര്‍മിറ്റ് ഇല്ലാതെ നിര്‍മിച്ച കെട്ടിടത്തിന്റെ ക്രമവല്‍ക്കരണ ഫീസില്‍ ആറുലക്ഷത്തിലധികം രൂപയുടെ കുറവ് വരുത്തി. കെട്ടിടത്തിന്റെ വിസ്തീര്‍ണം രേഖപ്പെടുത്തിയത് സംബന്ധിച്ച് പരിശോധിച്ച് സാങ്കേതികവിഭാഗത്തിന് ഫയല്‍ കൈമാറാതെയും പരിശോധന നടത്താതെയും നികുതി കുറച്ച് നല്‍കിയാണ് വെട്ടിപ്പ് നടത്തിയത്. ഇത് പഞ്ചായത്തിന് വന്‍ സാമ്പത്തികനഷ്ടത്തിന് ഇടയാക്കി. പഞ്ചായത്തിലെ ജനറേറ്റര്‍ കത്തിപ്പോയതായി കൃത്രിമരേഖയുണ്ടാക്കി വില്‍പ്പന നടത്തിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്.
മലയിടംതുരുത്ത് എല്‍പി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കാൻ അനധികൃതമായി മണ്ണെടുത്ത് മാറ്റിയതായും ട്വന്റി-20 സ്റ്റാളിന് താല്‍ക്കാലിക നമ്പര്‍ നല്‍കണമെന്ന കോടതി ഉത്തരവിന്റെ മറവില്‍ സ്ഥിരം നമ്പര്‍ അനുവദിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി-20യുടെ ഒത്താശയോടെ നടന്നിട്ടുള്ള ക്രമക്കേടുകൾ വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..