24 September Tuesday
എം എം ലോറൻസിനെ അനുസ്‌മരിച്ച്‌ നേതാക്കൾ

സ്‌മരണയിൽ ആ സമരവീര്യം

സ്വന്തം ലേഖകൻUpdated: Tuesday Sep 24, 2024

കൊച്ചി
സമൂഹത്തിൽനിന്ന്‌ അകറ്റിനിർത്തപ്പെട്ടവരെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ഭാഗമാക്കാൻ നേതൃത്വം നൽകിയയാളാണ്‌ അന്തരിച്ച കമ്യൂണിസ്‌റ്റ്‌ നേതാവ്‌ എം എം ലോറൻസ്‌ എന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. തോട്ടിത്തൊഴിലാളികളെ മനുഷ്യരായി അംഗീകരിച്ച അദ്ദേഹം, അവരെ സംഘടിപ്പിച്ച്‌ എറണാകുളം നഗരത്തിൽ പ്രകടനം നടത്തിയെന്നും എം എ ബേബി പറഞ്ഞു.
എം എം ലോറൻസിന്റെ നിര്യാണത്തിൽ അനുശോചിച്ച്‌ എറണാകുളം ടൗൺ ഹാൾ അങ്കണത്തിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.


അക്ഷീണമായ സമരവീര്യത്തോടെ ജീവിതം നയിച്ചയാളായിരുന്നു ലോറൻസ്‌ എന്ന്‌ പ്രൊഫ. എം കെ സാനു പറഞ്ഞു. ആത്മകഥയ്‌ക്ക്‌ അവതാരിക എഴുതണമെന്ന്‌ തന്നോട്‌ അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെന്നും അത്‌ നിർവഹിക്കാനായെന്നും സാഹിത്യകാരൻ എൻ എസ്‌ മാധവൻ പറഞ്ഞു.


എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ, മന്ത്രി പി രാജീവ്‌, ഡോ. ടി എം തോമസ്‌ ഐസക്‌, എ കെ ബാലൻ, എം സ്വരാജ്‌, കെ പ്രകാശ്‌ ബാബു, ഡോ. കെ എസ്‌ രാധാകൃഷ്‌ണൻ, പി സി ചാക്കോ, പ്രൊഫ. കെ വി തോമസ്‌, ഡോ. മുഹമ്മദ്‌ ഷാ, ഷെറിൻ മാത്യു, കെ കെ ജയചന്ദ്രൻ, ഡോ. സെബാസ്‌റ്റ്യൻ പോൾ, കെ എം ദിനകരൻ, ജബ്ബാർ തച്ചയിൽ, അഡ്വ. വി വി ജോഷി, ജോർജ്‌ ഇടപ്പരത്തി, മേയർ എം അനിൽകുമാർ, അനിൽ കാഞ്ഞിലി, ടി പി അബ്ദുൾ അസീസ്‌, എസ്‌ ശർമ, ആനാവൂർ നാഗപ്പൻ, എസ്‌ സതീഷ്‌, സി എം ദിനേശ്‌മണി, മാത്യൂസ്‌ കോലഞ്ചേരി, ജോൺ ഫെർണാണ്ടസ്‌, കുരുവിള മാത്യൂസ്‌, പി ആർ മുരളീധരൻ, സി ബി ദേവദർശനൻ, ചാൾസ്‌ ജോർജ്‌, എംഎൽഎമാരായ ടി ജെ വിനോദ്‌, കെ എൻ ഉണ്ണിക്കൃഷ്‌ണൻ, പി വി ശ്രീനിജിൻ, കെ ജെ മാക്‌സി, എം എം ലോറൻസിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

 

 

"ഞങ്ങളും കുടുംബാംഗങ്ങൾ'
കൊച്ചി
ഗസൽ ഇഷ്ടപ്പെടുന്ന, സംസാരിക്കുമ്പോഴെല്ലാം രാഷ്ട്രീയം പറയുന്ന എം എം ലോറൻസാണ്‌ നിഷാദിന്റെയും ബിജുവിന്റെയും സഫീറിന്റെയും മനസ്സിൽ. ‘‘ടിവി കാണുന്നതിനേക്കാൾ റേഡിയോ കേൾക്കാനായിരുന്നു സഖാവിന്‌ താൽപ്പര്യം. ഞങ്ങൾ സഖാവിന്റെ കുടുംബാംഗങ്ങളെപ്പോലെയായിരുന്നു. ഇനി...'' മൂവരുടെയും വാക്കുകൾ പാതി മുറിഞ്ഞു.


ലോറൻസിനെ ശുശ്രൂഷിച്ചിരുന്ന കനിവ്‌ പാലിയേറ്റീവ്‌ കെയർ വളന്റിയർമാരാണ്‌ ഇവർ. ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) അംഗങ്ങളായ മൂന്നുപേരും നാലുമാസമായി ലോറൻസിനൊപ്പമുണ്ടായിരുന്നു. അഞ്ചുവർഷമായി യൂണിയൻ അംഗങ്ങളാണ്‌ ലോറൻസിനെ ശുശ്രൂഷിച്ചിരുന്നത്‌. അനുശോചനയോഗത്തിൽ ലോറൻസിന്റെ കുടുംബം ഇവരുടെ സേവനത്തെ എടുത്തുപറഞ്ഞിരുന്നു. ‘‘സിഐടിയു പ്രവർത്തകർ മാറി മാറി ലോറൻസിനൊപ്പമുണ്ടായിരുന്നു. എടുത്തുപറയേണ്ട മൂന്നുപേരാണ്‌ നിഷാദും ബിജുവും സഫീറും. അവർക്കെല്ലാം പ്രത്യേകം നന്ദി''–- ലോറൻസിന്റെ സഹോദരന്റെ മകൾ ഷെറിൻ മാത്യു പറഞ്ഞു.

 

തർക്കമുന്നയിച്ച്‌ 
നാടകീയരംഗങ്ങൾ

കൊച്ചി
സിപിഐ എമ്മിന്റെ മുതിർന്ന നേതാവ്‌ എം എം ലോറൻസിന്റെ അന്ത്യോപചാര ചടങ്ങുകൾക്കിടെ, മൃതദേഹം മെഡിക്കൽ കോളേജിന്‌ കൈമാറുന്നതിൽ തർക്കമുന്നയിച്ച്‌  മകൾ ആശയും അവരുടെ മകൻ മിലനും. എം എം ലോറൻസിന്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കൽ കോളേജ്‌ വിദ്യാർഥികൾക്ക്‌ പഠനാവശ്യത്തിന്‌ കൈമാറാൻ അദ്ദേഹത്തിന്റെ മറ്റു രണ്ടുമക്കൾ തീരുമാനിച്ചതിനെതിരെയാണ്‌ ആശയും മകനും ടൗൺഹാളിലെ പൊതുദർശന വേദിയിൽ നാടകീയരംഗങ്ങൾ സൃഷ്ടിച്ചത്‌.
ടൗൺഹാളിലെത്തിയ ഇരുവരും മൃതദേഹം കൈമാറരുതെന്ന്‌ തുടർച്ചയായി ആവശ്യപ്പെട്ട്‌ ബഹളംവച്ചു. പള്ളിയിൽ സംസ്‌കരിക്കണമെന്നും ഇടവക വികാരിക്ക്‌ പൊലീസ്‌ സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട്‌ ഇതിനിടെ ആശ ഹൈക്കോടതിയെ സമീപിച്ചിരുന്നു.  ഉച്ചയ്‌ക്കുശേഷം ഹർജി പരിഗണിച്ച കോടതി, മൃതദേഹം മെഡിക്കൽ കോളേജിന്‌ കൈമാറുന്നതിന്‌ തടസ്സമില്ലെന്ന്‌ നിർദേശിച്ചതോടെ, ആശയും മകനും കൂടുതൽ പ്രകോപിതരായി.
വൈകിട്ട്‌ നാലോടെ വീണ്ടും ടൗൺഹാളിൽ എത്തിയ ഇരുവരും ചടങ്ങുകൾ അലങ്കോലമാക്കുംവിധം നാടകീയരംഗങ്ങൾ സൃഷ്ടിച്ചു.   മൊബൈൽ ഫ്രീസറിൽ വട്ടംപിടിച്ചുനിന്ന്‌ വിട്ടുതരില്ലെന്ന പ്രഖ്യാപനം നടത്തി.
അതേസമയം, പിതാവിന്റെ പൂർണമായ ആഗ്രഹപ്രകാരമാണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറിയതെന്ന്‌ മകൻ അഡ്വ. എം എൽ സജീവനും മറ്റു ബന്ധുക്കളും പറഞ്ഞു.

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top