24 December Tuesday

ദേശീയപാത 66 പട്ടണം കവലയിലെ അടിപ്പാതയ്‌ക്ക്‌ വഴിതെളിയുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024


പറവൂർ
പട്ടണം കവലയിൽ അടിപ്പാതയ്‌ക്കായി ചിറ്റാറ്റുകര പഞ്ചായത്ത്‌ നടത്തിവരുന്ന ശ്രമങ്ങൾ വിജയത്തിലേക്ക് നീങ്ങുന്നതായി പഞ്ചായത്ത് പ്രസിഡന്റ്‌ ശാന്തിനി ഗോപകുമാർ പറഞ്ഞു. 3.5 മീറ്റർ ഉയരത്തിലും ഏഴു മീറ്റർ വീതിയിലും അടിപ്പാത നിർമിക്കാനുള്ള നിർദേശം ദേശീയപാത അതോറിറ്റിയെ അറിയിച്ചതായി ചൊവ്വ രാവിലെ സ്ഥലം സന്ദർശിച്ച പ്രോജക്ട്‌ ഡയറക്ടർ ടി പ്രദീപ് ജനപ്രതിനിധികളെ അറിയിച്ചു. നാലു മീറ്റർ ഉയരമുണ്ടെങ്കിൽ ബസ് ഉൾപ്പെടെ എല്ലാ വാഹനങ്ങളും കടന്നുപോകുമെന്നും അതിനുള്ള തീരുമാനം ഉണ്ടാകണമെന്നും പഞ്ചായത്ത് പ്രസിഡന്റ്‌ പ്രോജക്ട്‌ ഡയറക്ടറെ അറിയിച്ചു.

ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി പട്ടണം കവലയിൽ അടിപ്പാതയ്‌ക്കായി തുടക്കംമുതൽ പഞ്ചായത്ത് വിവിധതലങ്ങളിലുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, പി രാജീവ്, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, ഹൈബി ഈഡൻ എംപി, കലക്ടർ എൻ എസ്‌ കെ ഉമേഷ് എന്നിവരും പഞ്ചായത്തിന്റെ പരിശ്രമങ്ങൾക്ക് സഹായമായ ഇടപെടലുകൾ നടത്തിയിരുന്നു.

കഴിഞ്ഞദിവസം പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കലക്ടറെ കണ്ട്  അനുകൂലമായ തീരുമാനം ഉണ്ടാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടിരുന്നു. സർക്കാർതലത്തിലുള്ള യോഗത്തിൽ പഞ്ചായത്തിന്റെ ആവശ്യത്തിന് പ്രഥമ പരിഗണന നൽകുമെന്ന് കലക്ടർ ഉറപ്പും നൽകി. ഇക്കാര്യം ഉന്നയിച്ച് സമരസമിതി തുടരുന്ന സമരവും സഹായകമായി. എന്നാൽ, പഞ്ചായത്തിന്റെ ശ്രമങ്ങളെ ഇകഴ്ത്തിക്കാണിക്കാൻ വ്യാപകമായ കുപ്രചാരണങ്ങളാണ് നടത്തിയത്. അനുകൂലതീരുമാനം ഉണ്ടാകുന്നതുവരെ അടിപ്പാതയ്‌ക്കായുള്ള ശ്രമങ്ങൾ തുടരുമെന്ന്‌ ശാന്തിനി ഗോപകുമാർ പറഞ്ഞു. ചീഫ് സെക്രട്ടറി തലത്തിൽ നടക്കുന്ന ചർച്ചയോടുകൂടി അന്തിമതീരുമാനം പ്രതീക്ഷിക്കുന്നതായും പ്രസിഡന്റ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top