പെരുമ്പാവൂർ
കൗമാരപ്രതിഭകളുടെ കലാമാമാങ്കത്തിന്റെ അഞ്ചു പകലിരവുകൾക്ക് തിങ്കളാഴ്‌ച അരങ്ങുണരും. കുറുപ്പംപടി എംജിഎം എച്ച്‌എസ്‌എസിൽ രാവിലെ ഒമ്പതിന് ഡിഡിഇ ഹണി ജി അലക്‌സാണ്ടർ പതാക ഉയർത്തും. പ്രധാന വേദിയായ എംജിഎം സ്കൂൾ ഗ്രൗണ്ടിൽ (ഡോ. ഡി ബാബു പോൾ ഓഡിറ്റോറിയം) ഞായർ പകൽ രണ്ടിന് രജിസ്‌ട്രേഷൻ ആരംഭിക്കും. എംജിഎം എച്ച്‌എസ്‌എസിലെ 15 ക്ലാസ്‌മുറികളിലായി തിങ്കൾ രാവിലെ ഒമ്പതുമുതൽ രചനാമത്സരങ്ങൾ ആരംഭിക്കും.
എംജിഎം സ്കൂൾ ഗ്രൗണ്ട്, എംജിഎം എച്ച്‌എസ്‌എസ് ഒന്നാംനില ഹാൾ, എംജിഎം എച്ച്‌എസ്‌എസ് രണ്ടാംനില ഹാൾ, രായംഗലം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, ഫാസ് കുറുപ്പംപടി, ഡയറ്റ് ഹാൾ എന്നിവിടങ്ങളിലെ വേദികളിൽ നാടൻപാട്ട്, നങ്ങ്യാർകൂത്ത്, ചാക്യാർകൂത്ത്, കൂടിയാട്ടം, മോണോ ആക്‌ട്, മിമിക്രി, പൂരക്കളി, യക്ഷഗാനം, തമിഴ്–-കന്നട പദ്യം, പ്രസംഗം മത്സരങ്ങളും ആദ്യദിനം നടക്കും. അറബിക് കലോത്സവം, സംസ്‌കൃതോത്സവം എന്നിവയ്‌ക്കും തുടക്കമാകും. ചൊവ്വ രാവിലെ ഒമ്പതിന് എംജിഎം എച്ച്‌എസ്‌എസിൽ വ്യവസായമന്ത്രി പി രാജീവ് കലോത്സവം ഉദ്‌ഘാടനം ചെയ്യും. നടൻ രമേഷ് പിഷാരടി, പ്രേമലു ഫെയിം സംഗീത് പ്രതാപ് എന്നിവരും പങ്കെടുക്കും. 29ന് വൈകിട്ട് നാലിന് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും.
അഞ്ചുദിവസം 15 വേദികളിലായി നടക്കുന്ന കലോത്സവത്തിൽ 351 ഇനങ്ങളിലായി പതിനായിരത്തോളം കുട്ടികൾ പങ്കെടുക്കും. 10,000 ചതുരശ്രയടി വിസ്‌തീർണത്തിലാണ് പ്രധാന വേദി ഒരുക്കിയിട്ടുള്ളത്. ജില്ലാ കലോത്സവത്തിൽ ആദ്യമാണ് ഇത്രയും വലിയ പന്തലെന്ന് സംഘാടകർ പറഞ്ഞു. സ്കൂളിനുസമീപമുള്ള കുറുപ്പംപടി മർത്തമറിയം പള്ളി ഗ്രൗണ്ടിലാണ് ഭക്ഷണശാല. ഭക്ഷണശാലയും 10,000 ചതുരശ്രയടിയാണ്. 500 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാം. തൃപ്പൂണിത്തുറ ഹരി സ്വാമിയുടെ നേതൃത്വത്തിലാണ് പാചകം. കലോത്സവത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാകുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..