പെരുമ്പാവൂർ
മക്കൾ ഉപേക്ഷിച്ച് പെരുമ്പാവൂരിലെ കടത്തിണ്ണയിൽ താമസിച്ചിരുന്ന കുറുപ്പംപടി രായമംഗലം കളരിക്കൽ കെ സി കുര്യന് ഇനി മണ്ണിലിടമുണ്ട്. മഴയും വെയിലും മഞ്ഞും കൊള്ളാതെ കുര്യന് സമാധാനത്തോടെ ജീവിക്കാം. ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ കുര്യനെ സാമൂഹികനീതിവകുപ്പിനു കീഴിലുള്ള സർക്കാർ അംഗീകൃത വയോജനമന്ദിരത്തിലേക്ക് അടിയന്തരമായി മാറ്റിപ്പാർപ്പിക്കാൻ മന്ത്രി പി പ്രസാദ് നിർദേശം നൽകി. വകുപ്പിന്റെ അഭ്യർഥനപ്രകാരം കുര്യനെ ഏറ്റെടുക്കുന്നതായി നെല്ലിക്കുഴി പീസ് വാലി ഫൗണ്ടേഷൻ അറിയിച്ചു.
മാർച്ചിൽ കുര്യന്റെ ഭാര്യ സാറാമ്മയുടെ പേരിലുണ്ടായിരുന്ന രണ്ടുസെന്റും വീടും മകൾക്ക് ഇഷ്ടദാനം നൽകിയിരുന്നു. ഇരുവരെയും സംരക്ഷിച്ചുകൊള്ളാമെന്ന ഉറപ്പിലായിരുന്നു നടപടി. എന്നാൽ, കുറച്ചുമാസങ്ങൾക്കുശേഷം മകളും കുടുംബവും ഇവരെ വീട്ടിൽനിന്ന് ഇറക്കിവിട്ടതായി മൂവാറ്റുപുഴ ആർഡിഒയ്‌ക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ആധാരം റദ്ദാക്കി. പിന്നീട് ഇളയമകന്റെ സംരക്ഷണയിൽ ഇടുക്കി സേനാപതിയിൽ താമസമായി. ഭാര്യയുടെ മരണശേഷം രായമംഗലത്തെ വീട്ടിലേക്ക് ചെന്നെങ്കിലും മകളും കുടുംബവും അനുവദിച്ചില്ലെന്നാണ് പരാതി. തുടർന്ന് മൂത്തമകന്റെ കുറുപ്പംപടിയിലെ വീട്ടിലായി താമസം. ഈയിടെ കുര്യനെ അവിടെനിന്നും ഇറക്കിവിട്ടുവെന്നും പരാതിയുണ്ട്. പിന്നീട് ഒരാഴ്ച പെരുമ്പാവൂർ ടൗണിലെ കടത്തിണ്ണയിൽ അഭയംതേടി. ഇതറിഞ്ഞ് കുര്യന്റെ ജ്യേഷ്‌ഠന്റെ മകൻ അദ്ദേഹത്തിന്റെ കാലടി മറ്റൂരുള്ള വീട്ടിലേക്ക് കൊണ്ടുപോയി.
ഇതിനുശേഷം സ്വന്തം വീട്ടിലെത്തിയപ്പോൾ കണ്ടത് വീടിന്റെ ചെറിയൊരു ഭാഗം നിലനിർത്തി ബാക്കി പൊളിച്ച് മതിൽ കെട്ടിയിരിക്കുന്നതാണ്. തന്റെ അറിവോ സമ്മതമോ കൂടാതെയാണിതെന്ന് കുര്യൻ പറയുന്നു. വയോധികനായ തനിക്ക് മക്കൾ ഭക്ഷണവും സംരക്ഷണവും നിഷേധിച്ചുവെന്നും ഏക ആശ്രയമായ കിടപ്പാടം നശിപ്പിച്ചുവെന്നും കുര്യൻ കണ്ണീരോടെ മന്ത്രിയെ ബോധിപ്പിച്ചു. ഭാര്യ സാറാമ്മയുടെ പേരിലുള്ള സ്ഥലം തിരിച്ചുനൽകണമെന്നും ജീവിതച്ചെലവിന് ഒരു തുക പ്രതിമാസം നൽകണമെന്നും കുര്യൻ അഭ്യർഥിച്ചു. ഇളയമകൻ പ്രതിമാസം 2000 രൂപ കുര്യന് നൽകുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..