19 December Thursday

പറവൂരിലെ യാത്രാക്ലേശത്തിന്
 പരിഹാരം തേടി ജനകീയസദസ്സ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024


പറവൂർ
യാത്രാക്ലേശം നേരിടുന്ന മേഖലകളിൽ പുതിയ സ്വകാര്യബസ് സർവീസുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്‌ മുനിസിപ്പൽ ടൗൺഹാളിൽ ജനകീയസദസ്സ് സംഘടിപ്പിച്ചു. സബ് ആർടി ഓഫീസും നഗരസഭയും ചേർന്ന്‌ സംഘടിപ്പിച്ച പരിപാടിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ അധ്യക്ഷനായി.

കെഎസ്ആർടിസി റൂട്ടുകൾ അല്ലാത്തയിടങ്ങളിൽ സ്വകാര്യ സർവീസുകൾ അനുവദിക്കാൻ മന്ത്രി കെ ബി ഗണേഷ്‌കുമാർ നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം പറവൂർ നഗരസഭയ്ക്കും വരാപ്പുഴ, കോട്ടുവള്ളി, ഏഴിക്കര, ചേന്ദമംഗലം, വടക്കേക്കര, ചിറ്റാറ്റുകര, പുത്തൻവേലിക്കര എന്നീ പഞ്ചായത്തുകൾക്കുംവേണ്ടിയാണ്‌ സദസ്സ്‌ നടത്തിയത്‌. പുത്തൻവേലിക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര പഞ്ചായത്തുകളിൽനിന്ന്‌ കൂടുതൽ നിർദേശങ്ങൾ ലഭിച്ചു. ചില റൂട്ടുകളിൽ സർവീസ് നടത്താൻ താൽപ്പര്യമുണ്ടെന്ന്‌ ബസ് ഉടമകൾ അറിയിച്ചു. നിർദേശമുയർന്ന റൂട്ടുകളിൽ സർവീസ് നടത്താൻ സന്നദ്ധനായി അപേക്ഷകൻ വേണമെന്ന് ആർടിഒ പറഞ്ഞു.

നിലവിലുള്ള സർവീസുകൾക്ക് പെർമിറ്റ് നീട്ടിനൽകുന്ന കാര്യം പരിഗണിക്കുമെന്നും അധികൃതർ അറിയിച്ചു. ബസുകളുടെ ട്രിപ്പ് മുടക്കലിനെതിരായും പരാതി ഉയർന്നു. നഗരംചുറ്റി സർവീസ് നടത്താത്ത ബസുകൾക്കെതിരെ നടപടി വേണമെന്ന്‌ നഗരസഭാ അധികൃതർ ആവശ്യപ്പെട്ടു. നഗരസഭാ അധ്യക്ഷ ബീന ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കമല സദാനന്ദൻ, ആർടിഒ കെ മനോജ്, എം ജെ രാജു, ടോമി സെബാസ്റ്റ്യൻ, ബി ഷേർളി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top