13 September Friday

അഗതിമന്ദിരത്തിലെ മർദനം: സൂപ്രണ്ടിനെ സസ്‌പെൻഡ്‌ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2019


കൊച്ചി
കൊച്ചി നഗരസഭയുടെ കീഴിലുള്ള പള്ളുരുത്തി അഗതിമന്ദിരത്തിലെ അന്തേവാസിയായ യുവതിയെയും അമ്മയെയും മർദിച്ച സംഭവത്തിൽ സൂപ്രണ്ട്‌ അൻവർ ഹുസൈനെ നഗരസഭാ സെക്രട്ടറി സസ്‌പെൻഡ്‌ ചെയ്‌തു. അഗതിമന്ദിരത്തിലെ അന്തേവാസിയായ ചേർത്തല സ്വദേശിനി രാധാമണിയുടെ (38) പരാതിയിൽ കോർപറേഷൻ സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്നാണ്‌ സസ്‌പെൻഷൻ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി അധികൃതർ അറിയിച്ചു.

ഒരുവർഷം മുമ്പാണ്‌ രാധാമണി പള്ളുരുത്തി അഗതിമന്ദിരത്തിൽ അന്തേവാസിയായി എത്തിയത്‌. മാനസികാസ്വാസ്ഥ്യത്തിന്‌ ചികിത്സയിലിരിക്കുന്ന രാധാമണിയെ കാണാൻ അമ്മ കാർത്ത്യായനി തിങ്കളാഴ്‌ച രാവിലെയാണ്‌ അഗതിമന്ദിരത്തിൽ എത്തിയത്‌. രാധാമണിയെ അഗതിമന്ദിരത്തിലാക്കിയപ്പോൾ, 2,25,000 രൂപ ബാങ്കിൽ നിക്ഷേപിച്ച പാസ്‌ ബുക്കും എടിഎം കാർഡും സ്വർണാഭരണങ്ങളും അധികൃതരെ ഏൽപ്പിച്ചിരുന്നു. തിങ്കളാഴ്‌ച അഗതിമന്ദിരത്തിലെത്തിയ കാർത്ത്യായനി പണത്തിൽ കുറവ്‌ കണ്ടതിനെക്കുറിച്ച്‌ സൂപ്രണ്ടിനോട്‌ ചോദിച്ചു.

ഇതിൽ  പ്രകോപിതനായ സൂപ്രണ്ട്‌ ഇരുവരെയും മർദിക്കുകയായിരുന്നുവെന്ന്‌ നഗരസഭാ സെക്രട്ടറിയുടെ പ്രസ്‌താവനയിൽ പറഞ്ഞു. അൻവർ ഹുസൈൻ സ്വന്തം വീട്ടിൽ രണ്ടുമാസത്തോളം നിർബന്ധിച്ച്‌ ജോലിയെടുപ്പിച്ചെന്നും അതിന്‌ കൂലി നൽകിയിട്ടില്ലെന്നും രാധാമണിയുടെ പരാതിയിൽ പറയുന്നു. കോർപറേഷൻ അധികൃതരുടെ അനുമതിയില്ലാതെയാണ്‌ രാധാമണിയെ വീട്ടുജോലിയെടുപ്പിച്ചത്‌. പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ റിമാൻഡ് ചെയ്തു.

അതിനിടെ പള്ളുരുത്തി വൃദ്ധസദനത്തിന്റെ നടത്തിപ്പിൽ അപാകം കണ്ടതശനത്തുടർന്ന്‌, കൊച്ചി നഗരസഭ സെക്രട്ടറി അടുത്ത തെളിവെടുപ്പിൽ ഹാജരാകാൻ സംസ്ഥാന വനിതാ കമ്മിഷൻ നിർദ്ദേശിച്ചു. ഒക്ടോബർ 5 നാണ് തെളിവെടുപ്പ്. വൃദ്ധസദനത്തിന്റെ പ്രവർത്തനം സംബന്ധിച്ച്‌ ജില്ലാ സാമൂഹ്യ ക്ഷേമ, നീതി വകുപ്പ് സോഷ്യൽ ഓഡിറ്റ് നടത്തണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top