തൃക്കാക്കര
കാക്കനാട് സിവിൽ സ്റ്റേഷനിൽ ജോലി വാഗ്ദാനംചെയ്ത് പണം തട്ടാൻ ശ്രമിച്ചയാളെ കലക്‌ടറേറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് തന്ത്രപരമായി കുടുക്കി.കൊല്ലം സ്വദേശിയായ ആർ രഞ്ജിത്‌കുമാറിനെയാണ് പണം വാങ്ങാൻ ശ്രമിക്കുന്നതിനിടെ പിടികൂടി തൃക്കാക്കര പൊലീസിന് ഏൽപ്പിച്ചത്. സിവിൽ സ്റ്റേഷനിലെ സ്ഥിരം സന്ദർശകനായിരുന്ന ഇയാൾ, വാഴക്കാലയിൽ താമസിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.
പെരുമ്പാവൂർ കുറുപ്പംപടി സ്വദേശിയായ യുവാവിൽനിന്ന് പണം വാങ്ങാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. യുവാവിനോട് ജിഎസ്ടി വകുപ്പിൽ താൽക്കാലിക ജോലിക്കായി ഇയാൾ 6500 രൂപ ആവശ്യപ്പെട്ടു. ഇത് ശ്രദ്ധയിൽപ്പെട്ട പട്ടികജാതി ഓഫീസിലെ ജീവനക്കാരൻ ജി പ്രശാന്ത് കലക്‌ടറേറ്റിലെ സുരക്ഷാജീവനക്കാരെ വിവരമറിയിച്ചു. എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമാണ് ജി പ്രശാന്ത്.
ചൊവ്വ രാവിലെ പത്തിന് കലക്ടറേറ്റിൽ പണവുമായി കാത്തുനിന്ന യുവാവിനെ തട്ടിപ്പിന് ഇരയാക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരായ സി എസ് സജീവ്, എം എസ് സുനിൽരാജ്, വിജേഷ് ചന്ദ്രൻ എന്നിവരും മറ്റു ജീവനക്കാരും ചേർന്ന് തന്ത്രപരമായി പിടികൂടിയത്. വിവിധ സർക്കാർ വകുപ്പുകളിൽ ജോലി നൽകാമെന്നു പറഞ്ഞ് ഇയാൾ മറ്റു ജില്ലകളിലടക്കമുള്ള നൂറോളംപേരിൽനിന്ന് പണം വാങ്ങിയതായി പരാതിയുണ്ട്. വിമുക്തഭടനാണെന്ന് അവകാശപ്പെട്ടുള്ള തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഇയാളുടെ തിരിച്ചറിയൽ കാർഡുകളും മറ്റ് രേഖകളും പൊലീസ് പരിശോധിച്ചുവരികയാണ്.
ഇയാളുടെ പക്കൽനിന്ന് നിരവധിപേരിൽനിന്ന് ജോലി വാഗ്ദാനംചെയ്ത് പണം വാങ്ങിയതിന്റെ രേഖകൾ ലഭിച്ചു. തട്ടിപ്പിനിരയായ യുവാവിന്റെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജോലി വാഗ്ദാനംചെയ്ത് നടത്തുന്ന തട്ടിപ്പിനെതിരെ ജാഗ്രതപാലിക്കണമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..