25 September Wednesday

ആശങ്ക മാഞ്ഞു; 
ആഹ്ലാദം തീരമണഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024


കൊച്ചി
സംസ്ഥാന സർക്കാർ സമർപ്പിച്ച കരട്‌ തീരദേശ പരിപാലന പദ്ധതിക്ക്‌ കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച ആഹ്ലാദത്തിൽ ജില്ലയിലെ പത്തു പഞ്ചായത്തുകൾ. ചെല്ലാനം, ചേരാനല്ലൂർ, വരാപ്പുഴ, എളങ്കുന്നപ്പുഴ, നായരമ്പലം, ഞാറക്കൽ, കടമക്കുടി, കുമ്പളം, കുമ്പളങ്ങി, മുളവുകാട്‌ പഞ്ചായത്തുകൾക്കാണ്‌ അംഗീകാരം തുണയായത്‌.ഏറെ നാളത്തെ കാത്തിരിപ്പ്‌ അവസാനിച്ച സന്തോഷത്തിലാണ്‌ നാട്‌. ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കി ഇടപെട്ട എൽഡിഎഫ്‌ സർക്കാരിന്‌ നന്ദിപറയുകയാണിവർ.

നിർമാണപ്രവർത്തനങ്ങൾക്ക്‌ കടുത്ത നിയന്ത്രണമുള്ളതിനാൽ പ്രതിസന്ധിയിലായിരുന്നു ഈ പഞ്ചായത്തുകളിലുള്ളവർ. ജനിച്ചുവളർന്ന നാട്ടിൽ സ്വന്തമായി വീട്‌ നിർമിക്കാൻപോലും കഴിയില്ല. കടകളോ വാണിജ്യസ്ഥാപനങ്ങളോ തുടങ്ങാൻ കഴിയാത്തതും തിരിച്ചടിയായിരുന്നു. കടുത്ത നിയന്ത്രണമുള്ള സിആർസെഡ്‌ മൂന്നിൽനിന്ന്‌ നിയന്ത്രണം കുറവുള്ള സിആർസെഡ്‌ രണ്ടിലേക്ക്‌ മാറ്റണമെന്ന്‌ ഇവർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. തീരജനതയെ ചേർത്തുപിടിക്കുന്ന സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെട്ടു. പ്രദേശങ്ങൾ സന്ദർശിച്ചും പരാതികൾ കേട്ടുമാണ്‌ തീരദേശ പരിപാലന പ്ലാൻ കേരളം തയ്യാറാക്കി കേന്ദ്രത്തിന്‌ സമർപ്പിച്ചതും അംഗീകാരം നേടിയെടുത്തതും. പുഴ, കായൽ തീരത്തുനിന്നുള്ള 100 മീറ്റർ ദൂരപരിധിയെന്നത്‌ ഭേദഗതിപ്രകാരം 50 മീറ്ററാകും. കടൽത്തീരത്ത്‌ 200 മീറ്റർ എന്നത്‌ 50 മീറ്ററും. സ്വകാര്യഭൂമിയിലെ കണ്ടൽക്കാടുകളിലെ ബഫർസോൺ ഒഴിവാക്കിയത്‌ ചെല്ലാനം, മുളവുകാട്‌, ഞാറക്കൽ, എളങ്കുന്നപ്പുഴ പ്രദേശങ്ങൾക്ക്‌ നേട്ടമാകും. ബണ്ടുകൾക്കുസമീപം നിയന്ത്രണങ്ങളോടെ നിർമാണാനുമതിയുണ്ട്‌. കരടിന്‌ അംഗീകാരം ലഭിച്ചത്‌ തീരപ്രദേശങ്ങളിൽ കൂടുതൽ വികസനപ്രവർത്തനങ്ങൾ സാധ്യമാക്കും.

ഇനി സ്വപ്‌നം 
സഫലമാകും
അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം ഇനി സഫലമാകുമെന്ന സന്തോഷത്തിലാണ്‌ ചെല്ലാനം  കുട്ടപ്പശേരിവീട്ടിൽ മത്സ്യത്തൊഴിലാളിയായ സേവ്യർ. ‘‘തീരത്തോട് ചേർന്നാണ്‌ എന്റെ വീട്‌. വളരെ പഴക്കമുണ്ടതിന്‌. ലൈഫ്‌ ഭവനപദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, നിലവിലുണ്ടായിരുന്ന ദൂരപരിധി തിരിച്ചടിയായി. കരട് തീരദേശ പരിപാലന പദ്ധതിക്ക്‌ അംഗീകാരം കിട്ടിയതോടെ ആശ്വാസമായി’’– -സേവ്യർ പറഞ്ഞു.

പ്രതിസന്ധി നീങ്ങി
സാധാരണക്കാർ വീടുവയ്ക്കാൻ കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശമാണ് മുളവുകാട്. എൽഡിഎഫ് സർക്കാരിന്റെ പുതിയ തീരദേശ പരിപാലന പദ്ധതിക്ക് അംഗീകാരം ലഭിച്ചതോടെ ആ പ്രയാസം മാറും. സർക്കാർ ദ്വീപുനിവാസികൾക്കായി ചെയ്‌ത ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്നാണിത്‌. ടി എസ് ബെന്നി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top