27 December Friday

ദേശീയപാത നിർമാണം മതിയായ സുരക്ഷ ഒരുക്കാതെയെന്ന് പരാതി

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024


പറവൂർ
ദേശീയപാത 66 മൂത്തകുന്നം- ഇടപ്പള്ളി റീച്ചിന്റെ നിർമാണപ്രവർത്തനങ്ങളിൽ മതിയായ സുരക്ഷ ഒരുക്കുന്നില്ലെന്ന് പരാതി. പാത കടന്നുപോകുന്ന 24 കിലോമീറ്ററിൽ പലഭാഗങ്ങളും നിലവിൽ ഗതാഗതമുള്ള പാതയോട്‌ ചേർന്നും അല്ലാതെയുമാണ്. ഗതാഗതമുള്ള പാതയോട്‌ ചേർന്നുള്ള നിർമാണങ്ങൾ വേണ്ടത്ര സുരക്ഷ ഒരുക്കാതെയാണെന്നുള്ള പരാതി തുടക്കംമുതലേയുണ്ട്. കഴിഞ്ഞദിവസം മൂത്തകുന്നം കവലയിൽ വൻദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഇവിടെ പുതിയ പാതയ്ക്കരികെ ഉയരത്തിലുള്ള ഹൈടെൻഷൻ വൈദ്യുതിലൈൻ കടന്നുപോകുന്ന പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. പാതയോടനുബന്ധിച്ചുള്ള സർവീസ് റോഡിൽ കുഴിയെടുക്കവെ പോസ്റ്റ് പെട്ടെന്ന് മറിയുകയായിരുന്നു. വൈദ്യുതി ലൈൻ ജെസിബിയിൽ സ്പർശിക്കാതിരുന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്.

രാത്രിയും പകലും നിർമാണം നടക്കുന്നുണ്ട്. ഈ ഭാഗത്ത് മൂത്തകുന്നം പടിഞ്ഞാറുഭാഗത്തെ ഏതാണ്ട്‌ 25 വീട്ടുകാർക്ക് കടന്നുപോകാൻ മാർഗമില്ലാത്ത അവസ്ഥയിലാണ്. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇവർ ഹൈബി ഈഡൻ എംപിക്കുംമറ്റും പരാതി നൽകിയിരുന്നു. ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല. മാല്യങ്കര തീരദേശപാത സന്ധിക്കുന്നിടത്തും അപകടാവസ്ഥ ഏറെയാണ്. ഒരാഴ്ചമുമ്പ് മൂത്തകുന്നത്തുനിന്ന് രണ്ടരക്കിലോമീറ്റർ അകലത്തിൽ മേത്തല ഗൗരീശങ്കർ കവലയിൽ ബൈക്ക് യാത്രികനായ യുവാവ് പുതിയ പാതയ്ക്കുവേണ്ടി എടുത്ത കുഴിയിൽ വീണ് മരിച്ചു. നിലവിലുള്ള റോഡിനോട് ചേർന്ന് നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ മതിയായ സുരക്ഷ വേണമെന്ന ആവശ്യം ശക്തമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top