കളമശേരി
ഭവനവായ്പയെടുത്ത് കുടിശ്ശിക വന്നതിന്റെപേരിൽ വീട്ടിലാരുമില്ലാത്തപ്പോൾ എസ്ബിഐ ഉദ്യോഗസ്ഥർ വീട് പൂട്ടി സീൽ ചെയ്തു. സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികളും ജോലികഴിഞ്ഞ് വന്ന മാതാപിതാക്കളും വസ്ത്രംമാറ്റാൻപോലുമാകാതെ വീടിന് പുറത്ത്. പെരിങ്ങഴ വാളവേലിൽ അജയകുമാറിന്റെയും ഭാര്യ ബിബിയുടെയും വീടാണ് വ്യാഴം പകൽ 2.30 ഓടെ ഉദ്യോഗസ്ഥർ ചുറ്റുമതിലിൽ നോട്ടീസ് പതിച്ച് ജപ്തി ചെയ്തത്. ഡിഗ്രിക്ക് പഠിക്കുന്ന പെൺകുട്ടിയും 10–--ാംക്ലാസുകാരനുമാണ് കുട്ടികൾ.
ബഹ്‌റൈനിൽ ജോലി ചെയ്തുവന്ന അജയകുമാർ 2014ൽ 27 ലക്ഷം രൂപ 20 വർഷത്തെ കാലാവധിക്ക് എസ്ബിഐയുടെ വൈറ്റില ബ്രാഞ്ചിൽനിന്നാണ് ഭവനവായ്പയായി എടുത്തത്. ഇതുവരെയായി ഇവർ 14.50 ലക്ഷം രൂപ തിരിച്ചടച്ചു. കോവിഡിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ടതോടെ വായ്പ കുടിശ്ശിക
യായി.തുടർന്നാണ് ബാങ്ക് ജപ്തി നടപടി തുടങ്ങിയത്. 2024 ഏപ്രിലോടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ 33 ലക്ഷം രൂപ അടച്ച് ബാധ്യത തീർക്കാമെന്ന് ബാങ്ക് രേഖാമൂലം അറിയിച്ചു. ജൂൺ അവസാനത്തോടെ മൂന്ന് ഗഡുവായി അടച്ചുതീർക്കണമെന്നായിരുന്നു വ്യവസ്ഥ.
വ്യവസ്ഥ സ്വീകരിച്ച് പെരിങ്ങഴ ദുർഗ ഭഗവതി ക്ഷേത്രം ഭാരവാഹികൾ വീട് 50 ലക്ഷം രൂപയ്ക്ക് ഏറ്റെടുക്കാൻ തയ്യാറാണെന്നും 33 ലക്ഷം രൂപ ബാങ്കിൽ അടയ്‌ക്കാമെന്നും ബാങ്കിനെ അറിയിച്ചു. ആദ്യഗഡുവായി അഞ്ച് ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു. എന്നാൽ, പിന്നീട് ബാങ്ക് അധികൃതർ വ്യവസ്ഥയിൽനിന്ന് പിൻമാറുകയും ക്ഷേത്ര ഭാരവാഹികൾക്ക് തുക തിരിച്ചുനൽകുകയും ചെയ്തു. തുടർന്നാണ് ജപ്തി നടപടി ആരംഭിച്ചത്.
വീട്ടുകാർ പൂട്ടിയ വാതിലുകളുടെ താഴ് ബാങ്ക് ഉദ്യോഗസ്ഥർ തകർത്ത് വീടിനകത്ത് കയറി വാതിലുകൾ അകത്തുനിന്ന് ബോൾട്ടിട്ടതായും പകരം പൂട്ടിട്ട് പുറത്തുനിന്ന് പൂട്ടിയതായും അജയകുമാർ പറഞ്ഞു.
മന്ത്രി ഇടപെട്ടു; പരിഹാരത്തിന്
വഴിതെളിഞ്ഞു
വീട് ജപ്തി ചെയ്‌ത വിഷയത്തിൽ വ്യവസായമന്ത്രി പി രാജീവിന്റെ ഇടപെടലിനെത്തുടർന്ന് പരിഹാരമാകുന്നു. ബാധ്യതയിൽനിന്ന് ഒഴിവാകാൻ ഉടമ 40 ലക്ഷം രൂപ അടയ്‌ക്കാനാണ് ബാങ്ക് അധികൃതർ, കലക്ടർ എന്നിവരുമായി ചർച്ചയിൽ ധാരണയായത്. തവണകളും മറ്റു വ്യവസ്ഥകളും വെള്ളിയാഴ്ച ബാങ്ക് ഉദ്യോഗസ്ഥരെത്തി അന്തിമരൂപം നൽകും. സിപിഐ എം കളമശേരി ഈസ്‌റ്റ് ലോക്കൽ സെക്രട്ടറി പി കെ ബേബി, പി എം രാജേഷ്, കൗൺസിലർ റാണി രാജേഷ് എന്നിവർ ജപ്‌തി വിവരം മന്ത്രി പി രാജീവിനെ അറിയിക്കുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..