കൊച്ചി
കൊച്ചിയുടെ കടൽക്കാഴ്‌ചകൾ കണ്ണുനിറയെ കണ്ട് ആസ്വദിക്കാൻ ജലഗതാഗതവകുപ്പ് ഒരുക്കിയ ആധുനിക ക്രൂസ് സർവീസ് വിജയകരമായി ഒരുവർഷം പിന്നിടുന്നു. ഒരുവര്‍ഷംകൊണ്ട്, സംസ്ഥാന സർക്കാരിന്റ ഇന്ദ്ര സോളാർ എസി ക്രൂസിൽ കൊച്ചി കാഴ്‌ചകൾ മനസ്സിൽ പകർത്തിയത് വിദേശികൾ ഉൾപ്പെടെ ആയിരക്കണക്കിന് വിനോദസഞ്ചാരികൾ. ഏറ്റവും ചുരുങ്ങിയ ചെലവിൽ ആഡംബര ബോട്ടിൽ സഞ്ചരിച്ച് മനംകുളിർക്കെ കാഴ്‌ച ആസ്വദിക്കാമെന്നതാണ് ഈ യാത്രയുടെ പ്രത്യേകത. രണ്ടു നിലകളിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ ബോട്ടാണ് ഇന്ദ്ര സോളാർ ക്രൂസ്. സംഗീതം ആസ്വദിക്കാനും ആവശ്യക്കാർക്ക് പാടാനും ക്രൂസിൽ സൗകര്യമുണ്ട്. കസേരയിൽ ഇരുന്നും ഒന്നാംനില ഡെക്കില്‍ നിന്നും കൊച്ചിയുടെ മനോഹാരിത രണ്ടുമണിക്കൂർ ആസ്വദിക്കാം.
അഞ്ചുമുതൽ 12 വയസ്സുവരെ 150- രൂപയും മുതിർന്നവർക്ക് 300 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എറണാകുളം ബോട്ട് ജെട്ടിയിൽ പകൽ 11നും വൈകിട്ട് നാലിനും രണ്ട് സർവീസുകളാണ് നടത്തുന്നത്. ഈ ഉല്ലാസനൗകയിൽ മീറ്റിങ്ങുകൾ, പിറന്നാൾ ആഘോഷം, ഒത്തുചേരലുകൾ തുടങ്ങിയവയ്ക്കും നിരവധിപേരെത്തുന്നു.
മറൈൻ ഡ്രൈവ്, ബോൾഗാട്ടി പാലസ്, വല്ലാർപാടം അന്താരാഷ്‌ട്ര കണ്ടെയ്‌നർ ടെർമിനൽ, ഗുണ്ടു ഐലൻഡ്, വൈപ്പിൻ, ചീനവല, അഴിമുഖം, ഫോർട്ട് കൊച്ചി ബീച്ച്, ഡോൾഫിൻ പോയിന്റ്, ആസ്പിൻവാൾ, വെല്ലിങ്‌ടൺ ഐലൻഡ്, ഷിപ്‍യാര്‍ഡ് വഴി സഞ്ചരിച്ച് എറണാകുളം ബോട്ട് ജെട്ടിയിൽ തിരിച്ചെത്തുംവിധമാണ് സര്‍വീസ്.
മുൻകൂട്ടി അറിയിച്ചാൽ, കുടുംബശ്രീ ഒരുക്കുന്ന രുചികരമായ പച്ചക്കറി–-മീൻ–-മാംസ വിഭവങ്ങള്‍ പ്രത്യേക നിരക്കിൽ ലഭിക്കും. വിനോദസഞ്ചാരികളുടെ തുടർച്ചയായ ആവശ്യം കണക്കിലെടുത്ത് രാത്രിയിലും സർവീസ് നടത്താൻ ആലോചിക്കുന്നുണ്ടെന്ന് വാട്ടർ ട്രാൻസ്‌പോർട്ട് അതോറിറ്റി സീനിയർ സൂപ്രണ്ട് സുജിത് മോഹൻ പറഞ്ഞു. ബുക്കിങ്ങിനും വിവരങ്ങൾക്കും ഫോൺ: 94000 50351, 94000 50350.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..