25 October Friday

നഗരഗതാഗത മികവ്‌ ; കൊച്ചിക്ക്‌ വീണ്ടും കേന്ദ്ര പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024


കൊച്ചി
നഗരഗതാഗത മികവിനുള്ള പുരസ്‌കാരത്തിളക്കത്തിൽ കൊച്ചി. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നടത്തിയ ദേശീയമത്സരത്തിൽ ‘ഏറ്റവും സുസ്ഥിര ഗതാഗതസംവിധാനമുള്ള നഗരം’ വിഭാഗത്തിലാണ്‌ നേട്ടം. രണ്ടാംതവണയാണ് കൊച്ചിക്ക് അംഗീകാരം ലഭിക്കുന്നത്‌. സുസ്ഥിരവും നൂതനവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ നഗര ഗതാഗതസംവിധാനം സൃഷ്ടിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ മാതൃകാപരമായ പ്രവൃത്തികൾക്കുള്ള അംഗീകാരമാണ്‌ പുരസ്‌കാരം.

നഗരഗതാഗത, മൊബിലിറ്റി മേഖലയിൽ മികച്ച പരിശീലനങ്ങളും വിജ്ഞാന കൈമാറ്റവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വാർഷിക പരിപാടിയായ അർബൻ മൊബിലിറ്റി ഇന്ത്യ 2024ന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്‌. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡാണ്‌ (കെഎംആർഎൽ) നഗരത്തിനുവേണ്ടി എൻട്രി സമർപ്പിച്ചത്‌. രണ്ട് മെട്രോ സംവിധാനങ്ങളുള്ള ഏകനഗരമാണ് കൊച്ചി. ഗുജറാത്ത്‌ ഗാന്ധിനഗറിൽ നടക്കുന്ന ചടങ്ങിൽ 27ന് ഭവന, നഗരകാര്യമന്ത്രി മനോഹർലാൽ ഘട്ടർ അവാർഡ് സമ്മാനിക്കും. മെട്രോ, ജലമെട്രോ, സൈക്കിളുകൾ, ഇ-–-ഓട്ടോകൾ, ഇ-–-ബസുകൾ, സൗരോർജ പദ്ധതികൾ, ക്ലീൻ എനർജി സാങ്കേതികവിദ്യകൾ എന്നിവ പ്രയോജനപ്പെടുത്തുന്നതിൽ കെഎംആർഎൽ നടത്തുന്ന നിരന്തരശ്രമങ്ങളും വീണ്ടും അവാർഡ് നേടുന്നതിൽ നിർണായകമായെന്ന്‌ എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top