ആലുവ
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും - ആലുവ താലൂക്ക് അദാലത്തിൽ 139 പരാതികൾക്ക് തീർപ്പ്. 203 പരാതികളാണ് ഉണ്ടായിരുന്നത്. മറ്റ് അപേക്ഷകളിൽ തുടർനടപടി നിർദേശിച്ച് വകുപ്പുകൾക്ക് കൈമാറി. അദാലത്ത് ദിവസം കൗണ്ടറിലൂടെ 66 പരാതികൂടി ലഭിച്ചു. 64 പേർ എത്തിയില്ല.
കെട്ടിടത്തിന് നമ്പറിടൽ, പോക്കുവരവ്, കൈയേറ്റം ഒഴിപ്പിക്കൽ, മരം മുറിച്ചുമാറ്റൽ, മുൻഗണനാ കാർഡ് നൽകൽ, ഭൂമി സർവേ, റീ സർവേ തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് കൂടുതൽ അപേക്ഷകൾ വന്നത്.
വ്യവസായമന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്‌തു. സാധാരണക്കാർക്ക് അനുകൂലമായാണ് ഉദ്യോഗസ്ഥർ ചട്ടങ്ങളും നിയമങ്ങളും വ്യാഖ്യാനിക്കേണ്ടതെന്ന് പി രാജീവ് പറഞ്ഞു. പരാതികളുടെ എണ്ണത്തിൽ വന്ന കുറവ്, സംവിധാനം കാര്യക്ഷമമായി മാറുന്നുണ്ട് എന്നതിന്റെ ഉദാഹരണമായി കാണാമെന്നും മന്ത്രി പറഞ്ഞു.
ഓരോ അദാലത്തും ഓരോ പാഠമാണെന്ന് അധ്യക്ഷനായ കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. നാളുകളായി പരിഹരിക്കാതെ കിടക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുമ്പോൾ അക്കാര്യത്തിൽ ഇടപെടാൻ ജനങ്ങൾക്കുകൂടി അവസരം ലഭിക്കുന്നുവെന്നത് ജനാധിപത്യത്തിൽ ഏറ്റവും പ്രത്യേകതയുള്ളതാണെന്നും മന്ത്രി പറഞ്ഞു.
അൻവർ സാദത്ത് എംഎൽഎ, ആലുവ നഗരസഭാ ചെയർമാൻ എം ഒ ജോൺ, ക്ഷേമ സ്ഥിരംസമിതി അധ്യക്ഷ മിനി ബൈജു, കലക്ടർ എൻ എസ് കെ ഉമേഷ്, സബ് കലക്ടർ കെ മീര, ഡെപ്യൂട്ടി കലക്ടർമാരായ റെയ്ച്ചൽ വർഗീസ്, വി ഇ അബ്ബാസ്, തഹസിൽദാർമാരായ ഡിക്സി ഫ്രാൻസിസ്, വി വി ജയേഷ് തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..