08 September Sunday

മരം വീണ് പിങ്ക് പൊലീസ് വാഹനം തകർന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024


പറവൂർ
വീശിയടിച്ച കാറ്റിൽ കോൺവ​ന്റ് റോഡിലെ വൃന്ദാവൻ ബസ് സ്‌റ്റോപ്പിനുസമീപത്തെ മരങ്ങൾ കടപുഴകി വീണ് പിങ്ക് പൊലീസി​ന്റെ കാർ തകർന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ വാഹനത്തിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാഴം പകൽ ഒന്നോടെയായിരുന്നു അപകടം. വാഹനപരിശോധന നടത്താനാണ് പൊലീസ് ഉദ്യോഗസ്ഥർ വൃന്ദാവൻ സ്‌റ്റോപ്പിനുസമീപം എത്തിയത്. വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഹൈവേ പൊലീസാണ് പിങ്ക് പൊലീസി​ന്റെ വാഹനത്തിൽ ഉണ്ടായിരുന്നത്. ഹൈവേ പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് വർക്‍ഷോപ്പിലായതിനാലാണ് പിങ്ക് പൊലീസി​ന്റെ കാറുമായി എത്തിയത്. കാറ്റും മഴയും വന്നതോടെ ഉദ്യോഗസ്ഥർ സമീപത്തെ വെയ്റ്റിങ് ഷെഡിലേക്ക് മാറിനിന്നപ്പോഴാണ് മരങ്ങള്‍ കടപുഴകിവീണത്.

കാറി​ന്റെ ബോഡി തകര്‍ന്നു. മരങ്ങൾ വീണപ്പോൾ വൈദ്യുതിലൈനും പൊട്ടി. സമീപത്തെ വീടി​ന്റെ മതിലിനും കേടുപാടുണ്ടായി. പ്രദേശത്തെ അഞ്ച് വിദ്യാലയങ്ങളിലേക്കും പറവൂർ ചന്ത, നിരവധി ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന വഴിയാണിത്. മുമ്പും സമാനമായ രീതിയില്‍ മരം വീണിട്ടുണ്ട്. വൃന്ദാവൻ ബസ് സ്‌റ്റോപ്പിനുസമീപത്തെ കാലപ്പഴക്കമുള്ള മരങ്ങൾ മുറിച്ചുനീക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നുണ്ടെങ്കിലും അധികൃതർ നടപടിയെടുക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്. പിഡബ്ല്യുഡി പുറമ്പോക്കിലാണ് മരങ്ങൾ നിൽക്കുന്നതെന്നാണ് നഗരസഭാ അധികൃതരുടെ വാദം.
പറവൂർ പാലത്തി​ന്റെ ചിറ്റാറ്റുകര ഭാഗത്തെ അപ്രോച്ച് റോഡിനുസമീപത്തും ദേശീയപാതയിലേക്ക് മരം ഒടിഞ്ഞുവീണു. അ​ഗ്നി രക്ഷാസേന മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top