23 December Monday

വരി നിൽക്കേണ്ട ; യാത്രക്കാർക്ക്‌ സൗകര്യമൊരുക്കി സിയാൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

സിയാലിൽ ഇമിഗ്രേഷൻ സ്മാർട്ട് ഗേറ്റുകൾ സ്ഥാപിക്കുന്നു


നെടുമ്പാശേരി
കൊച്ചി വിമാനത്താവളത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കാൻ സംവിധാനം ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ‘ഫാസ്റ്റ്‌ ട്രാക്ക്‌ ഇമിഗ്രേഷൻ- ട്രസ്റ്റഡ് ട്രാവലേഴ്‌സ് പ്രോഗ്രാ'മിന്റെ ഭാഗമായി രാജ്യാന്തര ആഗമന/പുറപ്പെടൽ യാത്രക്കാർക്ക് ഈ സംവിധാനം ഒരുക്കുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമാവുകയാണ് സിയാൽ. അടിസ്ഥാനസൗകര്യം സജ്ജമായി. പരീക്ഷണം തിങ്കളാഴ്ച തുടങ്ങും. ആഗസ്‌തി-ൽ കമീഷൻ ചെയ്യും.

ഡൽഹി വിമാനത്താവളത്തിലാണ് ആദ്യമായി, കഴിഞ്ഞമാസം ഈ സംവിധാനം ഏർപ്പെടുത്തിയത്. ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് നടത്തിപ്പുചുമതല. ആഗമന, പുറപ്പെടൽ മേഖലകളിൽ നാലുവീതം വരികളിലായാണ്‌ ഫാസ്റ്റ്‌ ട്രാക്ക് ഇമിഗ്രേഷൻ നടപ്പാക്കുക. ഇതിനായുള്ള സ്മാർട്ട്‌ ഗേറ്റുകൾ എത്തി. നിലവിൽ ഇന്ത്യൻ പൗരന്മാർക്കും ഒസിഐ കാർഡുള്ളവർക്കുമാണ് സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കാനുള്ള അനുമതി. ഈ സൗകര്യങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പോർട്ടലിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തണം. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ അപ്‌ലോഡ് ചെയ്താൽ ബയോമെട്രിക് എൻറോൾമെന്റിലേക്ക്‌ കടക്കാം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എൻറോൾമെന്റ് കൗണ്ടറുകൾ വിമാനത്താവളത്തിലെ എഫ്ആർആർഒ ഓഫീസിലും ഇമിഗ്രേഷൻ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്. രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് പിന്നീടുള്ള രാജ്യാന്തരയാത്രയ്ക്കും ആഗമന-/പുറപ്പെടൽ ഇമിഗ്രേഷൻ നടപടികൾക്ക് സ്മാർട്ട്‌ ഗേറ്റുകളിലൂടെ കടന്നുപോകാം. കാത്തുനിൽപ്പ് ഒഴിവാക്കാം.

സ്മാർട്ട്‌ ഗേറ്റിലെത്തിയാൽ ആദ്യം പാസ്‌പോർട്ട് സ്‌കാൻ ചെയ്യണം. രജിസ്‌ട്രേഷൻ നടത്തിയിട്ടുണ്ടെങ്കിൽ ഗേറ്റുകൾ താനേ തുറക്കും. തുടർന്ന് രണ്ടാംഗേറ്റിലെ കാമറയിൽ മുഖം കാണിക്കണം. മുഖം തിരിച്ചറിയുന്നതോടെ ആ ഗേറ്റ് തുറന്ന്‌ ഇമിഗ്രേഷൻ നടപടി പൂർത്തിയാകും. പരമാവധി 20 സെക്കൻഡിൽ നടപടികൾ പൂർത്തിയാകും. യാത്രക്കാർക്ക്‌ പുതിയ സൗകര്യമൊരുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top