15 November Friday

സംഘം പിടിച്ചെടുക്കാൻ 2556 സഹകാരികളെ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കി

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024


പെരുമ്പാവൂർ
യുഡിഎഫ് ഭരിക്കുന്ന വല്ലത്തെ പെരുമ്പാവൂർ സഹകരണ സംഘം ഭരണം നിലനിർത്താൻ  തെരഞ്ഞെടുപ്പിനുമുന്നോടിയായി 2556 സഹകാരികളെ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കി. ഒക്ടോബർ ആദ്യവാരം നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സെപ്തംബർ നാലിനാണ് പുറത്തുവന്നത്.
ഭരണസമിതിക്കെതിരെ വ്യാപകമായ പ്രതിഷേധം നിലവിലുണ്ട്‌. പരാജയഭീതിയാണ് സഹകാരികളെ വോട്ടർപട്ടികയിൽനിന്ന് നീക്കുന്ന നടപടിക്കുപിന്നിലെന്ന്‌ ആരോപണമുണ്ട്‌. സംഘം ഓഹരിയുടെ മൂല്യം 25 രൂപയിൽനിന്ന്‌ 100 രൂപയായി ഉയർത്താൻ ഭരണസമിതിയെടുത്ത തീരുമാനത്തിന് ജനറൽബോഡി അംഗീകാരം നൽകി എന്ന ന്യായം പറഞ്ഞാണ് ഇത്തരം കടുത്ത നടപടിക്ക് ഭരണസമിതി തുനിയുന്നത്.  പുതിയ വോട്ടർപട്ടിക പുറത്തുവന്നപ്പോഴാണ് പുറത്താക്കിയ വിവരം സഹകാരികളിൽ പലരും അറിയുന്നത്. സംഘം ഓഫീസിന്റെ തൊട്ടടുത്ത് താമസിക്കുന്നവരും സംഘത്തിൽ ലക്ഷങ്ങളുടെ നിക്ഷേപമുള്ളവരും വെട്ടിമാറ്റിയവരിലുണ്ട്‌.

സംഘത്തിന്റെ നിലപാടുകളോട് എതിർപ്പുള്ളവരെയും രാഷ്ട്രീയഭിന്നതയുള്ളവരെയും പട്ടികയിൽനിന്ന് നീക്കിയതും സംഘത്തിന്റെ ഓഹരിമൂല്യം ഉയർത്തിയതും സാധാരണക്കാരായ ഭൂരിപക്ഷം സഹകാരികളും അറിഞ്ഞിരുന്നില്ല. ഭരണസമിതിയോട് താൽപ്പര്യമുള്ളവരെ വിളിച്ചുവരുത്തി ഓഹരിമൂല്യം കൂട്ടി അടപ്പിച്ചു. മുമ്പ് സംഘം പിടിച്ചെടുക്കാൻ പ്രവർത്തനപരിധിക്ക് പുറത്ത് താമസിക്കുന്ന, സംഘത്തിന്റെ പരിധിയിൽ ഭൂമിയില്ലാത്ത ആയിരത്തിൽപ്പരം വ്യാജ അംഗങ്ങളെ ഭരണസമിതിയുടെ സ്വാധീനം ഉപയോഗിച്ച് നിയമവിരുദ്ധമായി വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് പരാതികൾ നൽകിയിട്ടും അവരെല്ലാം ഇപ്പോഴും വോട്ടർമാരായി തുടരുകയാണ്. വ്യാജ അംഗങ്ങളുടെ പിൻബലത്തിലാണ് സംഘം കോൺഗ്രസിന്റെ മുന്നണിഭരണത്തിൽ തുടരുന്നത്. ചട്ടം മറികടന്ന് ഭരണസമിതിയിലെ ചിലർ വ്യാജ ഒപ്പിട്ട് നൂറുകണക്കിന് വോട്ടർ തിരിച്ചറിയൽ കാർഡുകൾ കൈവശപ്പെടുത്തുകയും ഈ കാർഡുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ സ്വാധീനം ഉറപ്പിക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇതിനെല്ലാമെതിരെ പരാതി നൽകിയിട്ടും പരിഹാരമുണ്ടാകാത്തതിനാൽ ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംരക്ഷണമുന്നണി ഭാരവാഹികൾ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top