27 December Friday

വടക്കേക്കരയിലെ കുടിവെള്ളക്ഷാമം: ചർച്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024


പറവൂർ
ഒരാഴ്ചയിലേറെയായി പറവൂരിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷം. വടക്കേക്കര പഞ്ചായത്തിലാണ് കൂടുതൽ പ്രശ്നം. പരിഹാരം ആവശ്യപ്പെട്ട് വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്‌ രശ്മി അനിൽകുമാറിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പറവൂർ ജല അതോറിറ്റി ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

കെഎസ്ഇബി മരംമുറിക്കലുമായി ബന്ധപ്പെട്ട് ചൊവ്വര സ്റ്റേഷനിലെ പമ്പിങ്‌ തടസ്സപ്പെട്ടതാണ് കുടിവെള്ളലഭ്യതയുടെ കുറവിന് കാരണമായി ഉദ്യോഗസ്ഥർ പറയുന്നത്. ചൊവ്വരയിൽനിന്ന്‌ പ്രത്യേകമായി കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പൈപ്പ്‌ലൈൻ പൂർത്തിയായാലേ പൂർണമായ പ്രശ്നപരിഹാരമാകൂ എന്നും ഉദ്യോഗസ്ഥർ ജനപ്രതിനിധികളെ അറിയിച്ചു.

ജനം കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുമ്പോഴും കുടിവെള്ളക്കുഴലുകൾ പൊട്ടുന്നതിനുൾപ്പെടെ കാര്യക്ഷമമായ പരിഹാരമാർഗങ്ങൾ സ്വീകരിക്കുന്നതിൽ ജല അതോറിറ്റി വീഴ്ചവരുത്തുകയാണ്. പറവൂരിലെ പമ്പിങ്‌ സ്റ്റേഷനിൽനിന്ന്‌ കുറഞ്ഞ അളവിൽ  വെള്ളം പമ്പുചെയ്യുന്നുണ്ടെങ്കിലും തീരമേഖലകളിൽ എത്തുന്നില്ല.
മറ്റ് ശുദ്ധജലസ്രോതസ്സുകൾ ഒന്നുംതന്നെയില്ലാത്ത ഇവിടത്തെ ജനങ്ങൾ ഇതോടെ തീർത്തും ദുരിതത്തിലായി. ചേന്ദമംഗലം, കോട്ടുവള്ളി, പറവൂർ നഗരസഭാ പ്രദേശങ്ങളിലുള്ളവരും കുടിവെള്ളം കിട്ടാതെ വലയുകയാണ്.

മുനമ്പം കവലയിൽ ദേശീയ പാതയ്‌ക്കുസമീപം കുടിവെള്ളക്കുഴലിലെ ചോർച്ച നിത്യസംഭവമാണ്. പത്തിലേറെതവണ ഇവിടെ അറ്റകുറ്റപ്പണി നടത്തിയിട്ടും ചോർച്ച നിലനിൽക്കുകയാണ്. പെരുവാരം പാലത്തിനുസമീപം രണ്ടാഴ്ചയോളം കുടിവെള്ളക്കുഴൽ പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴായത്. ഇപ്പോഴും ഇവിടത്തെ പ്രശ്നം ശാശ്വതമായി പരിഹരിച്ചിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top