23 December Monday

സ്‌പൈസ്‌ കോസ്റ്റ്‌ മാരത്തൺ ഒക്ടോബർ 27ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024


കൊച്ചി
കൊച്ചി സ്‌പൈസ്‌ കോസ്റ്റ്‌ മാരത്തൺ ഒക്ടോബർ 27ന്‌ നടക്കുമെന്ന്‌ മേയർ എം അനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ഫ്ലാഗ്‌ ഓഫ്‌ ചെയ്യും. സ്‌പൈസ്‌ കോസ്റ്റ്‌ മാരത്തണിന്റെ ഒമ്പതാംപതിപ്പാണിത്‌.

ഫുൾ (42.2 കിലോമീറ്റർ), ഹാഫ്‌ (21.1 കിലോമീറ്റർ), ഫൺ റൺ (അഞ്ചു കിലോമീറ്റർ) എന്നീ വിഭാഗങ്ങളിലായാണ്‌ മാരത്തൺ. മറൈൻഡ്രൈവ്‌ ഗ്രൗണ്ടിൽനിന്ന്‌ ആരംഭിക്കുന്ന മാരത്തൺ ക്വീൻസ്‌വേ, ഫോർഷോർ റോഡ്‌, തേവര, രവിപുരം, നേവൽ ബേസ്‌, വെണ്ടുരുത്തി, തോപ്പുംപടി, ഫോർട്ട്‌ കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്‌ടൺ ഐലൻഡ്‌ വഴി കറങ്ങി മറൈൻഡ്രൈവ്‌ ഗ്രൗണ്ടിൽ അവസാനിക്കും. ഫുൾ മാരത്തൺ രാവിലെ 3.30നും ഹാഫ്‌ മാരത്തൺ 4.30നും ഫൺ റൺ ആറിനും ആരംഭിക്കും. കൊച്ചി കോർപറേഷനും സോൾസ്‌ ഓഫ്‌ കൊച്ചിൻ റണ്ണേഴ്സ്‌ ക്ലബ്ബും കൊച്ചി പൊലീസും ചേർന്നാണ്‌ മാരത്തൺ സംഘടിപ്പിക്കുന്നത്‌. വിവിധ വകുപ്പുകളും സഹകരിക്കുന്നു.

എല്ലാ രണ്ടു കിലോമീറ്ററിലും വെള്ളവുംമറ്റും നൽകും. മെഡിക്കൽ ട്രസ്റ്റിന്റെ ആംബുലൻസുകളും നൂറ്റമ്പതിലധികം പാരാമെഡിക്കൽ ജീവനക്കാരും വൈദ്യസഹായത്തിനുണ്ടാകും. വളന്റിയർമാരുമുണ്ടാകും. മത്സരം പൂർത്തിയാക്കുന്നവർക്ക്‌ മെഡലുകൾ നൽകും. മാരത്തൺ ജേഴ്‌സിയും മെഡലും മേയർ പ്രകാശിപ്പിച്ചു. ഡെപ്യൂട്ടി മേയർ കെ എ അൻസിയ, പി ആർ റെനീഷ്‌, ആന്റണി കുരീത്തറ, സക്കീർ തമ്മനം, സോൾസ്‌ ഓഫ്‌ കൊച്ചിൻ റണ്ണേഴ്സ്‌ ക്ലബ് സ്ഥാപകൻ രമേശ്‌ കാഞ്ഞിലിമഠം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ലഹരിക്കെതിരെ 
മാരത്തൺ; ലക്ഷ്യം 
ഹെൽത്തി സിറ്റി
മയക്കുമരുന്ന്‌ ഉൾപ്പെടെയുള്ള ലഹരിക്കെതിരെ പ്രതിരോധം തീർക്കാൻ മാരത്തൺ പ്രയോജനപ്പെടുത്താൻ കോർപറേഷൻ. ലഹരിവിരുദ്ധസന്ദേശം വിദ്യാർഥികളിൽ എത്തിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇതിന്റെ ഭാഗമായി മാരത്തൺ സ്‌കൂൾതലത്തിലും നടത്തും. ഹെൽത്തി സിറ്റിയാകുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണിത്‌. കൗൺസിൽ ചർച്ച ചെയ്‌ത്‌ നടപടി സ്വീകരിക്കുമെന്ന്‌ മേയർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top