കൊച്ചി
ആലുവ പുഴപോലെ ജീവവാഹിനിയായ ‘സർവമതസാരം ഏകം’ എന്ന ഗുരു സന്ദേശമാണ് നൂറുവർഷംമുമ്പ് പെരിയാർ തീരത്ത് സംഘടിപ്പിച്ച സർവമതസമ്മേളനം ലോകത്തോട് വിളിച്ചുപറഞ്ഞത്. സ്വാമി വിവേകാനന്ദന്റെ വിഖ്യാത പ്രസംഗം മുഴങ്ങിയ ചിക്കാഗോ ലോകമതസമ്മേളനം ചേർന്നിട്ട് 31 വർഷം പിന്നിട്ടിരുന്നു. ആലുവ അദ്വൈതാശ്രമ വളപ്പിൽ കെട്ടിയുയർത്തിയ താൽക്കാലിക പന്തലിൽ രണ്ടു ദിവസം സമ്മേളിച്ച മത, സാംസ്‌കാരിക നേതൃത്വം ലോകത്തെ ഗ്രസിക്കുന്ന മതാന്ധതയുടെ കാലുഷ്യത്തെയാണ് തുറന്നുകാട്ടിയത്.
1924 മാർച്ച് ശിവരാത്രി നാളിലായിരുന്നു സമ്മേളനം. ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്' സന്ദേശം ഗുരുവിന്റെ നിർദേശപ്രകാരം സമ്മേളനനഗരിയുടെ കവാടത്തിൽ എഴുതിവച്ചിരുന്നു. പുർണസമയം സമ്മേളനത്തിൽ സന്നിഹിതനായിരുന്ന ഗുരു രണ്ടുദിവസത്തെയും പ്രഭാഷണങ്ങൾ കേട്ട് ചർച്ചകളെ ക്രോഡീകരിച്ച് മറുപടി പറഞ്ഞു. ‘മാന്യമഹാജനങ്ങളെ’ എന്ന സംബോധനയിൽ തുടങ്ങുന്ന ദീർഘമായ സ്വാഗതപ്രസംഗത്തിൽ സമ്മേളനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യക്തമാക്കിയിരുന്നു. ഗുരുവിന്റെ നിർദേശപ്രകാരം സി വി കുഞ്ഞിരാമനാണ് പ്രസംഗം തയ്യാറാക്കിയത്. സമ്മേളനത്തിൽ വായിച്ചത് ഗുരുവിന്റെ വത്സലശിഷ്യൻ സ്വാമി സത്യവ്രതൻ. ‘ഭൂഗോളത്തിന്റെ സമസ്‌തഭാഗങ്ങളിലും ഒരു യുഗപ്പകർച്ച എന്നതുപോലെ ഒരു അസ്വസ്ഥത ബാധിച്ചിരിക്കുന്നതായി നാം കാണുന്നു’ എന്ന് തുടങ്ങുന്നു അത്. മദ്രാസ് ഹൈക്കോടതി ജഡ്ജി ടി സദാശിവയ്യർ അധ്യക്ഷനായി. മഞ്ചേരി രാമയ്യർ, മഞ്ചേരി രാമകൃഷ്ണയ്യർ, സി കൃഷ്ണൻ (മിതവാദി), ഇ കെ അയ്യാക്കുട്ടി ജഡ്ജി, ഡോ. പല്പു എന്നിവരും ആര്യസമാജം പ്രതിനിധി ഋഷിറാം, സിലോണിൽനിന്നുള്ള ബുദ്ധഭിക്ഷു, ബ്രഹ്മസമാജത്തിന്റെ പ്രതിനിധി സ്വാമി ശിവപ്രസാദ്, ഇസ്ലാംമത പ്രതിനിധി മുഹമ്മദ് മൗലവി, ക്രിസ്ത്യൻ പ്രതിനിധി കെ കെ കുരുവിള തുടങ്ങിയവർ സംസാരിച്ചു.
ഗുരുവിന്റെ മറുപടിപ്രസംഗത്തിൽ, മതസൗഹാർദത്തിന്റെ പ്രാധാന്യത്തെയും മതവൈരത്തിന്റെ നിരർഥകതയെയും അടിവരയിട്ടു. സംസ്‌കൃത സ്‌കൂൾ മുറ്റത്ത് ഗുരുവിനൊപ്പംനിന്ന് ക്ഷണിതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ എടുത്തതോടെ സമ്മേളനപരിപാടി അവസാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..