04 December Wednesday

എസ്‌സി ഫ്ലാറ്റുകൾ കാടുകയറി 
നശിക്കുന്നു ; പ്രതിഷേധം വ്യാപകം

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024


പെരുമ്പാവൂർ
കൂവപ്പടി പഞ്ചായത്തിൽ പട്ടികജാതിവിഭാഗത്തിനായി നിർമിച്ച ഫ്ലാറ്റുകൾ ഗുണഭോക്താക്കൾക്ക് വിതരണം നടത്താത്തതിനെതിരെ പ്രതിഷേധം വ്യാപകം. 12–--ാം വാർഡ് കയ്യുത്തിയാലിൽ ഒരു ഏക്കർ 19 സെന്റ് സ്ഥലം വാങ്ങി നാലു കുടുംബങ്ങൾക്ക് താമസിക്കാവുന്ന രണ്ട് ഫ്ലാറ്റുകൾ നിർമിച്ചിട്ട് പത്തുവർഷം പിന്നിട്ടു. നിയമക്കുരുക്കുകൾ അഴിച്ച് വൈദ്യുതിയും മറ്റ്‌ സൗകര്യങ്ങളും ഒരുക്കിയാൽ വീടില്ലാത്ത കുടുംബങ്ങളെ പുനരധിവസിപ്പിക്കാം. കെട്ടിടത്തിന് ചുറ്റും കാട് വളർന്നും നോക്കാനാരുമില്ലാതെ മേൽക്കൂരയിൽ വെള്ളം കെട്ടിക്കിടന്നും സാമൂഹ്യവിരുദ്ധർ കൈയടക്കിയും നശിച്ചുകൊണ്ടിരിക്കുകയാണ്. 2011ൽ സ്ഥലംവാങ്ങി 13 ലക്ഷം രൂപയ്ക്ക് രണ്ട് ഫ്ലാറ്റുകളുടെ നിർമാണം പൂർത്തിയാക്കാനായിരുന്നു പഞ്ചായത്തും പദ്ധതിയുടെ കൺവീനറുമായുള്ള കരാർ.

എന്നാൽ, നിർമാണം പൂർത്തിയാക്കുന്നതിനിടയിൽ 25.50 ലക്ഷം രൂപവരെ പഞ്ചായത്ത് നൽകി. പിന്നീട് ഫണ്ട് അനുവദിക്കാതെവന്നപ്പോൾ പദ്ധതിയുടെ കൺവീനർ കോടതിയെ സമീപിച്ചു. കോടതി സർക്കാരിന്റെ പരിഗണനയ്ക്ക് വിട്ടു. യുഡിഎഫിന്റെ മാറിവന്ന ഭരണസമിതികൾ തിരിഞ്ഞുനോക്കിയില്ല. തുടർന്ന് കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി വൈ പൗലോസ് ഭരണകക്ഷിക്കെതിരെയും എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെയും പ്രതിഷേധവുമായി രംഗത്തെത്തി.

ഫയലുകൾ ചലിപ്പിക്കാൻ തയ്യാറാകാത്തതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. പട്ടികജാതിവിഭാഗത്തിനായി പണികഴിപ്പിച്ച വീടുകൾ ഗുണഭോക്താക്കൾക്ക് നൽകാത്തതിനെതിരെ ജനകീയപ്രക്ഷോഭം സംഘടിപ്പിക്കാൻ സിപിഐ എം കൂവപ്പടി ലോക്കൽ സമ്മേളനം തീരുമാനിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top