പെരുമ്പാവൂർ
മേതല മുട്ടത്തുമുകൾ അറയ്‌ക്കപ്പടിക്കുസമീപം പ്ലൈവുഡ് കമ്പനി സ്ഥാപിക്കുന്നതിനെതിരെ കേസുള്ള സ്ഥലത്തെ ഭൂമി നിരപ്പാക്കാനുള്ള ഉടമകളുടെ നീക്കം നാട്ടുകാർ തടഞ്ഞു. പുറമ്പോക്കുഭൂമി ഉൾപ്പെടെയുള്ള സ്ഥലത്തുനിന്ന് ഒമ്പതുമാസംമുമ്പ് മുറിച്ചിട്ട തേക്കുമരവും കുറ്റിയും മാറ്റി തെളിവ് നശിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ആരോപിച്ചാണ് പരിസ്ഥിതി സംരക്ഷണ കർമസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് സ്ഥലം നിരപ്പാക്കുന്നതിനിടെ വില്ലേജ് ഓഫീസറും പൊലീസും എത്തി പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഉടമകളോട് നിർദേശിച്ചു. പ്ലൈവുഡ് കമ്പനി സ്ഥാപിക്കാനായി മൂന്നര ഏക്കർ സ്ഥലം വാങ്ങിയവർ സമീപത്തുള്ള 70 സെന്റ് കൈയേറിയതിനെതിരെ കലക്ടർക്ക് കർമസമിതി പരാതി നൽകിയിട്ടുണ്ട്. കമ്പനി സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. കേസുകൾ നിലനിൽക്കെ സ്ഥലത്തുനിന്ന് മുറിച്ചുമാറ്റിയ 58 മരങ്ങൾ നീക്കംചെയ്യരുതെന്ന് വില്ലേജ് ഓഫീസറും വനംവകുപ്പും നിർദേശം നൽകിയിരുന്നു. ഇതിനിടെയാണ് ഉടമകൾ സ്ഥലം നിരപ്പാക്കാനുള്ള നടപടി തുടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..