ആലുവ
റെയിൽവേ സ്റ്റേഷൻ പരിസരത്ത് 35 കിലോ കഞ്ചാവുമായി മൂന്ന് ഒഡിഷക്കാര്‍ അറസ്റ്റില്‍. ഒഡിഷ റായഗഡ സ്വദേശികളായ അസന്തി താക്കൂർ (39), ആശ പ്രമോദ് ലിമ (36), സത്യനായക്ക് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും റെയിൽവേ സ്റ്റേഷനടുത്ത് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്‌ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഒഡിഷയിൽനിന്ന് നേരിട്ട് വൻതോതിൽ കഞ്ചാവ് കേരളത്തിലെത്തിച്ച് വില്‍ക്കുന്നവരാണ് പിടിയിലായവർ. ട്രോളി ബാഗുകളിൽ ആർക്കും സംശയം തോന്നാത്ത രീതിയിലാണ് ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ചിരുന്നത്. രണ്ട് കിലോവീതമുള്ള 17 പൊതികളും ഒരു കിലോയുടെ ഒരു പാക്കറ്റുമാണ് പിടിച്ചെടുത്തത്. ഒഡിഷയിലെ നക്സൽ സംഘടനകള്‍ സജീവമായ മേഖലയിൽനിന്ന് കിലോയ്‌ക്ക് 2000 രൂപയ്ക്ക് വാങ്ങി ഇവിടെ എത്തിച്ച് 25,000 മുതൽ 30000 രൂപയ്ക്കുവരെയാണ് വിൽപ്പന. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിൽപ്പനയ്‌ക്കയി എത്തിച്ചതാണ് കഞ്ചാവ്. ഇവരുടെ ഇടപാടുകാരെക്കുറിച്ചും പൊലീസ് അന്വേഷിക്കും. ഡാൻസാഫ് ടീമിനൊപ്പം നർകോട്ടിക് സെൽ ഡിവൈഎസ്‌പി പി പി ഷംസ്, ആലുവ ഡിവൈഎസ്‌പി ടി ആർ രാജേഷ്, ഇൻസ്പെക്ടർ എ എൽ അഭിലാഷ്, എസ് എസ് ശ്രീലാൽ, സിപിഒമാരായ വി എ അഫ്സൽ, പി എൻ നൈജു എന്നിവര്‍ പരിശോധനാസംഘത്തിലുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..