ആലുവ
കടുങ്ങല്ലൂർ പഞ്ചായത്തിലെ എരമംകരയെ മുപ്പത്തടവുമായി ബന്ധിപ്പിക്കുന്ന എരമം-കാമ്പിള്ളി റോഡ് പുനർനിർമാണത്തിന്റെ രണ്ടാംഘട്ടം നിലവിലുള്ള എസ്റ്റിമേറ്റുപ്രകാരം തുടരും. എരമം സൗത്ത് അങ്കണവാടിയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം.
റോഡിന്റെ ഒരു ഭാഗം കരിങ്കല്ലുകെട്ടി ഉയർത്തി, കട്ടവിരിച്ച് സഞ്ചാരയോഗ്യമാക്കുന്നതിന് സ്ഥലം എംഎൽഎകൂടിയായ മന്ത്രി പി രാജീവ് 45 ലക്ഷം രൂപ അനുവദിച്ചിരുന്നു. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഈ മാസം ആദ്യം നിർമാണം തുടങ്ങി. എന്നാൽ, ചിലർ ഇത് തടസ്സപ്പെടുത്തി. ഇതോടെ കരാറുകാരൻ പണികൾ നിർത്തിവച്ചു. പ്രശ്നങ്ങൾ പരിഹരിച്ച് ഒരാഴ്ചക്കുശേഷം പ്രവൃത്തി പുനരാരംഭിച്ച് ഫൗണ്ടേഷൻ പൂർത്തിയാക്കി. ഇതിനുമുകളിൽ ബെൽറ്റ് വാർക്കാൻ തൊഴിലാളികൾ എത്തിയപ്പോൾ വീണ്ടും പ്രതിഷേധമുണ്ടായി. റോഡിന്റെ സംരക്ഷണഭിത്തി കരിങ്കല്ലിനുപകരം കോൺക്രീറ്റ് ആക്കണം എന്നായിരുന്നു ആവശ്യം. ഇതേത്തുടർന്നാണ് കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിലിന്റെ അധ്യക്ഷതയിൽ സർവകക്ഷി യോഗം വിളിച്ചത്. നിലവിലുള്ള എസ്റ്റിമേറ്റിലുള്ള രീതിയിൽ കരിങ്കൽ സംരക്ഷണഭിത്തിയിൽ നിർമിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി എ അബൂബക്കർ, വാർഡ് അംഗം ടി ബി ജമാൽ, വിനോദ് ഗോപുരത്തിങ്ങൽ, പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനിയർ ഹരി എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..