27 December Friday

എൽഡിഎഫ് അംഗങ്ങൾ 
കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024


പറവൂർ
പേവിഷബാധ സംശയിക്കുന്ന തെരുവുനായയുടെ ജഡം പോസ്റ്റ്‌മോർട്ടം നടത്താതെ മറവുചെയ്‌തതിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പറവൂർ നഗരസഭയിൽ എൽഡിഎഫ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

കഴിഞ്ഞ 13ന് രാവിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ നാലുപേരെ കടിച്ച നായ പിന്നീട് ചത്തു. പേവിഷബാധ സംശയിക്കുന്നതിനാൽ മണ്ണുത്തിയിലെത്തിച്ച്‌ പോസ്‌റ്റ്‌മോർട്ടം നടത്തണമെന്ന്‌ മൃഗാശുപത്രിയിലെ ഡോക്‌ടർ നിർദേശിച്ചു. എന്നാൽ, നഗരസഭാ ആരോഗ്യവിഭാഗം നായയെ ചാക്കിലാക്കി വെടിമറയിലെ മാലിന്യസംഭരണകേന്ദ്രത്തിൽ കുഴിച്ചിട്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാനായി മൃഗാശുപത്രിയിലെ ഡോക്ടർ മണ്ണുത്തിയിലെ ആശുപത്രിയിൽ ബന്ധപ്പെട്ടപ്പോഴാണ് ചത്ത നായയെ അവിടെ എത്തിച്ചിട്ടില്ലെന്ന വിവരം പുറത്തറിയുന്നത്‌. ഇതോടെ നായയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തണമെന്ന് എൽഡിഎഫ് അംഗങ്ങൾ തൊട്ടടുത്ത കൗൺസിലിൽ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും നഗരസഭാ അധ്യക്ഷ നിഷേധനിലപാട് സ്വീകരിച്ചു. തുടർന്നാണ് എൻ ഐ പൗലോസ്, എം കെ ബാനർജി, ജ്യോതി ദിനേശൻ, ആർ എസ് സജിത, നിമിഷ രാജൻ എന്നിവരുടെ നേതൃത്വത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

28ന് ചേരുന്ന കൗൺസിൽ യോഗത്തിനുമുമ്പ്  നടപടിയെടുക്കുമെന്ന നഗരസഭാ അധ്യക്ഷയുടെ ഉറപ്പിലാണ് എൽഡിഎഫ് കൗൺസിലർമാർ സമരം അവസാനിപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top